റിവ്യൂകള്‍ അല്ല മോശം തിരക്കഥകളാണ് സിനിമയുടെ പരാജയങ്ങള്‍ക്ക് കാരണം, അതിന് ഉദാഹരണമാണ് ബാന്ദ്ര
Movie Day
റിവ്യൂകള്‍ അല്ല മോശം തിരക്കഥകളാണ് സിനിമയുടെ പരാജയങ്ങള്‍ക്ക് കാരണം, അതിന് ഉദാഹരണമാണ് ബാന്ദ്ര
Narayanan Nambu
Saturday, 11th November 2023, 3:31 pm

ദിലീപ് നായകനായ അരുണ്‍ ഗോപി ചിത്രം ബാന്ദ്ര ഒരു മോശം ചിത്രമായാണ് അനുഭവപ്പെട്ടത്. ഒരു തരത്തിലും ദഹിക്കാന്‍ കഴിയാത്ത വളരെ ഔട്ട് ഡേറ്റഡ് ആയുള്ള തിരക്കഥയില്‍ പിറന്ന ബിഗ് സിസപ്പോയിന്റഡ് എന്ന് ബാന്ദ്രയെന്ന് പറയേണ്ടി വരും.

പലയിടത്തും ചിത്രം ഒരു സ്പൂഫ് ആയാണ് അനുഭവപ്പെട്ടത്. ഇങ്ങനെയുള്ള ഉദയകൃഷ്ണ ഉടായിപ്പ് തിരക്കഥയില്‍ താരങ്ങള്‍ തലവെക്കരുത് എന്നാണ് അഭിപ്രായം.

സിനിമയുടെ ആദ്യ പകുതി ശരാശരിയായിരുന്നെങ്കിലും കണ്ടിരിക്കാമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയെ ഡിസാസ്റ്റര്‍ എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ഒരു ബോധവും ഇല്ലാതെ എഴുതിയ പോലത്തെ മോശം തിരക്കഥയാണ് ബാന്ദ്രയുടേത്.

ദിലീപിന്റെ ലുക്ക് നല്ലതാണെങ്കിലും ആ മാസ്സ് അവതാര്‍ ഫീല്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നില്ല. ദിലീപിന്റെ കഥാപാത്രം ഒട്ടും കണ്‍വിന്‍സിങ് ആയില്ലെന്ന് തന്നെ പറയാം. എയര്‍ പിടിച്ചുള്ള നടത്തവും ആറ്റിറ്റിയൂഡും ഒന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലല്ല. തമന്ന തന്റെ വേഷം നന്നായിട്ട് ചെയ്തുവെച്ചിട്ടുണ്ട്. മോശമില്ലാത്ത പെര്‍ഫോമന്‍സ് എന്ന് വേണമെങ്കില്‍ അവരെ പറയാം.

കലാഭവന്‍ ഷാജണും തന്റെ വേഷം മോശമാക്കിയില്ല. മംമ്ത മോഹന്‍ദാസ് ഒക്കെ വന്‍ ക്രിഞ്ച് ആണ്. കഥാപാത്രങ്ങളെല്ലാം സ്പൂഫ് പോലെയാണ് അനുഭവപ്പെട്ടത്. അതാണ് പ്രശ്‌നമായി തോന്നിയതും.

സാം സി. എസിനെ ആലോചിച്ചു മാത്രമേ വിഷമമുള്ളു. നല്ല കിടിലന്‍ പഞ്ച് ബി.ജി.എം ഉണ്ട് സിനിമയില്‍. പക്ഷേ അതിന് വേണ്ട പഞ്ച് സീനുകള്‍ ഒന്നും തന്നെ സിനിമയില്‍ ഇല്ല. പാട്ടുകളും കൊള്ളാം.

ആകെമൊത്തത്തില്‍ 2.45 മണിക്കൂര്‍ വധം ആണ് ബാന്ദ്ര എന്ന് പറയേണ്ടി വരും. ഫാന്‍സ് അധികം ഉള്ള ഹൗസ്ഫുള്‍ ഷോ ആണ് ഞാന്‍ കണ്ടത്. സിനിമ രണ്ടാം പകുതി ഒക്കെ ആയപ്പോഴേക്കും ആള്‍ക്കാര്‍ സ്പൂഫ് പടം കാണുന്നത് പോലെയുള്ള മൂഡിലേക്ക് പോയി തുടങ്ങി. സെന്റി സീനുകള്‍ക്കൊക്കെ ചിരിയും കയ്യടിയും കമന്റുകളും. പടം മൊത്തത്തില്‍ പാളിയ അവസ്ഥ.

ഇമ്മാതിരി സ്പൂഫുകള്‍ ഇറക്കിയിട്ട് ഉദയകൃഷ്ണ ദയവ് ചെയ്ത് മലയാളി പ്രേക്ഷകരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുതെന്നാണ് പറയാനുള്ളത്. നെഗറ്റീവ് റിവ്യൂകള്‍ നിരോധിക്കുന്നതിനു പകരം നല്ല കഥകള്‍ ഉണ്ടാക്കാന്‍ ഇവര്‍ ആലോചിക്കേണ്ടിയിരിക്കുന്നു.

റിവ്യൂകള്‍ അല്ല മോശം തിരക്കഥകള്‍ ആണ് സിനിമയുടെ പരാജയങ്ങള്‍ക്ക് കാരണം എന്ന് മനസിലാക്കുക. അതിന് ഉദാഹരണം ആണ് ബാന്ദ്ര. ഇനിയെങ്കിലും മാറി ചിന്തിച്ചില്ലെങ്കില്‍ ദിലീപ് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ല.

Content Highlight: Dileep bandra Movie review