ദിലീപിന്റെ ജാമ്യഹരജിയില്‍ നാളെ വാദം തുടരും; പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി
Kerala
ദിലീപിന്റെ ജാമ്യഹരജിയില്‍ നാളെ വാദം തുടരും; പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd February 2022, 4:35 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. നാളെ 1.45 ന് വാദം പുനരാരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്. നാളെ പ്രോസിക്യൂഷന്റെ വാദമാണ് ഉണ്ടാവുക.

വളരെ ഗൗരവമുള്ള ഒരു കേസിനെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ ഇതിനിടെ പറഞ്ഞിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിനെതിരെയാണ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്.

അനാവശ്യമായി കേസ് നീട്ടിവെക്കുന്നു എന്ന രീതിയില്‍ പുറത്ത് ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതിനിടെ കോടതി ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കുമെന്നും വാദം പൂര്‍ത്തിയാക്കാമെന്നും കോടതി വ്യക്തമാക്കി.

ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ ആളാണ് ബാലചന്ദ്രകുമാറെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തനിക്കെതിരായ എഫ്.ഐ.ആറില്‍ ഏറെ വൈരുദ്ധ്യമുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വസിക്കരുത്. തന്റെ കക്ഷിയുടെ ദേഹത്ത് അന്വേഷണ സംഘം കൈവെച്ചിട്ടില്ല. പിന്നെ എന്തിനാണ് വൈരാഗ്യം തീര്‍ക്കുന്നത്. ഇത്തരമൊരു കേസ് തന്നെയില്ല. എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ തിരിച്ചടി നേരിടുമെന്ന് ഉറപ്പായതോടെ മറ്റൊരു കേസ് കെട്ടിച്ചമക്കുകയായിരുന്നു. ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കഥകളാണ് എഫ്.ഐ.ആറിലുള്ളത്. ബാലചന്ദ്ര കുമാര്‍ തന്റെ തിരക്കഥ രചനാവൈഭവം കാണിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ എഫ്.ഐ.ആറിലുണ്ട്. ഗൂഢാലോചന നടന്നത് ദിലീപിന് എതിരെയാണെന്നും ഉന്നത ഉദ്യോഗസ്ഥരടക്കം ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.

എഫ്.ഐ.ആര്‍ ഇടാനായി അന്വേഷണ സംഘം ദിലീപിന്റെ പുതിയ മൊഴി എടുക്കുകയായിരുന്നെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. തനിക്കെതിരെ എങ്ങനെയെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പൊലീസ് എത്തിയത്. വധഗൂഢാലോചനയാക്കി പൊലീസ് മാറ്റുകയായിരുന്നു.

കേസിലെ പ്രധാന തെളിവായ, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ഇതില്‍ ഇതിനകം എഡിറ്റിങ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിനു കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണ്. സംഭാഷണങ്ങളില്‍ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിനു കൈമാറിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ഇതു നിലനില്‍ക്കില്ലെന്ന് ബി. രാമന്‍ പിള്ള വാദിച്ചു.

പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി. പുതിയ എഫ്‌.ഐ.ആറില്‍ പറയുന്ന കുറ്റം വ്യത്യസ്തമാണ്. അതുകൊണ്ടു പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു.

പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നും നേരത്തെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കേസില്‍ നിര്‍ണായകമായ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ തന്നെ പരിശോധിക്കും. ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിന് ആലുവ മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു.