കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. ദിലീപിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നതാണ് പ്രധാന ഉപാധി.
രണ്ട് ആള്‍ജാമ്യത്തിലും 1 ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു തരത്തിലും ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദിലീപിന് ജാമ്യം നല്‍കരുതെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍ കോടതി പറയുന്ന ഏത് ജാമ്യാപേക്ഷയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
Dont Miss ദിലീപിന് ഉപാധികളോടെ ജാമ്യം
ജാമ്യ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച കോടതി വാദം കേട്ടിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിനു സാധ്യതയുണ്ടായിരുന്നു.