ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍. ദൃശ്യങ്ങളുടെ പരിശോധനാഫലം വരുന്നതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ദിലീപിന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണം എന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു.
അക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുരോഗമിക്കവെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പരിശോധന ഫലം വരുന്നതിനു മുമ്പ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമാണതെന്നും മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് അടുത്ത വെള്ളിയാഴ്ച ദിലീപിന്റെ അപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.