തിരുവനന്തപുരം: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.
ഫിയോക് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു.
രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനേയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനേയും ആദരിക്കുന്ന ചടങ്ങായിരുന്നു ഫിയോക് സംഘടിപ്പിച്ചത്.
നേരത്തെ തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുഖ്യാതിഥിയായി നടി ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. അന്നത്തെ ചടങ്ങില്‍ പോരാട്ടത്തിന്റെ പെണ്‍ പ്രതീകമെന്ന് അതിജീവിതയെ വിശേഷിപ്പിച്ച രഞ്ജിത്ത് തന്നെയാണ് ഇപ്പോള്‍ അതേ കേസില്‍ പ്രതിയായ ദിലീപ് പങ്കെടുക്കുന്ന യോഗത്തിലും പങ്കെടുത്തത്.
ദിലീപിനെ ജയിലില്‍ പോയി കണ്ടയാള്‍ തന്നെ അതിജീവിതയെ പെണ്‍പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിച്ച് വേദിയിലേക്ക് ക്ഷണിച്ചതിന്റെ വിരോധാഭാസം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വേട്ടകാരനൊപ്പം നിന്ന അതേ ആള്‍ തന്നെ ഭാവനയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ചുവെന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രഞ്ജിത്ത് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്. കൂടിക്കാഴ്ച യാദൃശ്ചികമായി സംഭവിച്ചതാണെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
‘ അയാള്‍ക്ക് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയ്ക്ക് വന്ന് വാദിച്ചിട്ടില്ല. എവിടെയും എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടുമില്ല. ആ വ്യക്തിയുമായി എനിക്ക് വളരെ അടുത്ത ബന്ധവുമില്ല. അയാളത് ചെയ്യില്ല എന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്. എനിക്കും അന്ന് അയാള്‍ അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. എങ്കിലും ജയിലില്‍ പോയി കാണണമെന്ന് കരുതിയിരുന്നില്ല.
നടന്‍ സുരേഷ് കൃഷ്ണയോടൊപ്പം കാറില്‍ പോകുന്നതിനിടെ അയാള്‍ക്ക് ദിലീപിനെ കാണണമെന്ന് പറയുകയായിരുന്നു. ആദ്യം പുറത്തിരിക്കാമെന്നാണ് കരുതിയത്. പുറത്ത് മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അപ്പോള്‍ താനും അകത്തേക്ക് പോയി. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. പുറത്തിറങ്ങി അയാള്‍ നിരപരാധിയാണെന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല’, എന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം.
തിയേറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്‍പില്‍ എത്തിക്കാനുള്ള അവസരങ്ങള്‍ താന്‍ പാഴാക്കിയിട്ടില്ലെന്നും ഇപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് തനിക്ക് അറിയാമെന്നും രഞ്ജിത്ത് പറഞ്ഞു. മഹാമാരിയുടെ എല്ലാ വെല്ലുവിളികളും അതിജീവിച്ചു വന്നവരാണ് തിയേറ്ററുകാര്‍. ഊര്‍ജ്വസ്വലമായ ദിവസങ്ങള്‍ ഇനി ഉണ്ടാകട്ടെ. 100 ശതമാനം സീറ്റിങ് അനുവദിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഫിയോക്കിന്റെ ജനറല്‍ ബോഡിയില്‍ സ്വീകരണം ഏറ്റവുവാങ്ങാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം ഫിയോക്കിന്റെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് ഇന്നത്തെ യോഗത്തില്‍ പ്രധാന അജണ്ടയാകുക.
ചെയര്‍മാനും വൈസ് ചെയര്‍മാനും നല്‍കിയ ആജീവനാന്ത പദവി ഭേദഗതി ചെയ്യണമെന്നാണ് അംഗങ്ങളുടെ ആവശ്യം. ഈ യോഗത്തില്‍ ദിലീപ് പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒ.ടി.ടി റിലീസ് അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ ദിലീപ് ചെയര്‍മാനും ആന്റണി പെരുമ്പാവൂര്‍ വൈസ് ചെയര്‍മാനുമാണ്.
Content Highlight: Dileep and Renjith Attend Fieok Programme