| Saturday, 29th January 2022, 10:34 am

ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണ്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി; നടപടി ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുള്ളവരുടെ ഫോണ്‍ കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന് അന്വേഷണം സംഘം.

ദിലീപ്, അനിയന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഫോണുകള്‍ മാറ്റിയത്. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ തലേദിവസം തന്നെ ഇങ്ങനെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന സൂചന പ്രതികള്‍ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണുകള്‍ മാറ്റിയത്.

നിലവില്‍ എവിടെയാണ് ഫോണ്‍ ഉള്ളത് എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് ആപ്പിള്‍ ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത്.

മൊബൈല്‍ ഫോണുകള്‍ അന്നുമുതല്‍ തന്നെ സ്വിച്ച് ഓഫാണ്. ഇന്ന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കാനിരിക്കെയാണ് ഫോണുകള്‍ മാറ്റിയെന്ന വിവരം പുറത്ത് വരുന്നത്.

ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് ഫോണ്‍ കൈമാറിക്കൂടെയെന്ന് കോടതി ചോദിച്ചെങ്കിലും ദിലീപിന്റെ അഭിഭാഷകന്‍ അതിന് തയ്യാറായിരുന്നില്ല.

തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറുന്നത് അപകടകരമാണെന്നുമായിരുന്നു ദിലീപിന്റെ വാദം.

ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അത് ശേഖരിക്കാനായി താന്‍ ആ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ ഡിഫന്‍സിന് ഈ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസന്വേഷണത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയേ തീരൂ എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പന്ത്രണ്ടായിരത്തോളം കോളുകള്‍ പഴയ ഫോണില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത പുതിയ ഫോണില്‍ വളരെ കുറവ് ഡാറ്റയേ ഉള്ളൂ. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന് ദിലീപ് കൈമാറിയ ഫോണിലെ തെളിവ് നശിപ്പിച്ചാല്‍ പിന്നെ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടാകുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും നല്‍കിയ സംരക്ഷണം കോടതി പിന്‍വലിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Dileep and Other Accused mobile phones were shifted out of the state

We use cookies to give you the best possible experience. Learn more