| Monday, 3rd July 2017, 9:09 am

ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും; മൊഴികളില്‍ വൈരുദ്ധ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി നടന്‍ ദിലീപിനേയും നാദിര്‍ഷയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പള്‍സര്‍ സുനിയുടെ കത്തിനെ കുറിച്ച് വ്യത്യസ്ത മൊഴിയാണ് ഇരുവരും നല്‍കിയത്. ജയിലില്‍ നിന്നുള്ള ഫോണ്‍ വിളികളുമായി ബന്ധപ്പെട്ടും പരസ്പര വിരുദ്ധമായ മൊഴിയാണ് ഇരുവരും നല്‍കിയതെന്നാണ് അറിയുന്നത്.


Dont Miss മണി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടായേനെ: നാദിര്‍ഷാ


മാത്രമല്ല പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദവും പൊലീസ് വിശ്വസിക്കുന്നില്ല. ദിലീപിന്റെ ലൊക്കേഷനില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ ഫോട്ടോ ദിലീപിന്റെ വാദത്തെ ശരിവെക്കുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസില്‍ പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ണായക യോഗം ചേര്‍ന്ന ശേഷമാണ് ഈ നീക്കം.

ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ.ജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ തീരുമാനിച്ചത്.

നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐ.ജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ത്തന്നെ തുടര്‍ന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ ഏകോപനമില്ലെന്ന മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ വിമര്‍ശനം ശരിവച്ചാണു ബെഹ്‌റയുടെ നിര്‍ദേശം. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more