| Sunday, 23rd January 2022, 1:01 pm

പണമാവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്; ആരോപണം നിഷേധിച്ച് സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ദിലീപ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ തനിക്ക് ജാമ്യം കിട്ടാനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടുവെന്നും ഇതിന് പണമാവശ്യപ്പെട്ടുവെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. പല സമയത്തായി വിവിധ ഭീഷണികള്‍ ഉപയോഗിച്ച് പത്ത് ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാര്‍ തന്നില്‍ നിന്നും കൈപ്പറ്റിയെന്നും ദിലീപ് സത്യവാങ്ങ്മൂലത്തില്‍ ആരോപിക്കുന്നു.

തന്റെ നിരപരാധിത്വം വിശദീകരിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുമായി സംസാരിച്ച് കാര്യം നേടാന്‍ സാധിക്കുമെന്ന് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് സത്യവാഹ്‌മൂലത്തില്‍ പറയുന്നു.

ഭാര്യ ലത്തീന്‍ സമുദായത്തില്‍ പെട്ടയാളാണ്. നെയ്യാറ്റിന്‍കര ലത്തീന്‍ ബിഷപ്പുമായി ബന്ധമുണ്ട്.

ഈ ബിഷപ്പിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും നല്ല അടുപ്പമുണ്ട്. ബിഷപ്പ് വഴി നടിയെ ആക്രമിച്ച് കേസുമായി ബന്ധപ്പെട്ട സത്യാവസ്ഥ മുഖ്യമന്ത്രിയേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയുമടക്കം ബോധ്യപ്പെടുത്തുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്നെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കുമെന്നുമുള്ള വാഗ്ദാനമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയതെന്ന് ദിലീപ് പറയുന്നു.

ജാമ്യം ലഭിക്കാന്‍ കാരണം നെയ്യാറ്റിന്‍കര ബിഷപ്പാണെന്നും തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം കിട്ടിയതെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. താന്‍ ജാമ്യത്തിലിറങ്ങി ഒരു മാസത്തിന് ശേഷം നെയ്യാറ്റിന്‍കര ബിഷപ്പിന് പണം കൊടുക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞുവെന്നും ദിലീപ് ആരോപിക്കുന്നു.

മാത്രവുമല്ല ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരും ഇടപെട്ടുവെന്നും അവര്‍ക്കെല്ലാം പണം കൊടുക്കണമെന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇത് നിരസിച്ചതോടെ തന്നോട് വൈരാഗ്യമായി. എ.ഡി.ജി.പി. സന്ധ്യയെ വിളിക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് പറഞ്ഞു.

80 ദിവസം ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ജയിലില്‍ വന്ന് കണ്ടവരില്‍ ഒരാളാണ് ബാലചന്ദ്രകുമാര്‍. എന്നാല്‍ ദിലീപിന്റെ ആരോപണങ്ങളെല്ലാം ബാലചന്ദ്രകുമാര്‍ നിഷേധിച്ചു. പണം നല്‍കിയത് സംഭവം നടക്കുന്നതിന് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും അത് സംവിധായകന്‍ എന്ന നിലയിലാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബിഷപ്പിന്റെ പേര് വലിച്ചിഴച്ചത് സാമുദായിക സ്പര്‍ധയുണ്ടാക്കാനാണ്. സത്യവാങ് മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dileep allegation that balachandrakumar threatend him

We use cookies to give you the best possible experience. Learn more