മലയാളത്തില്‍ ഈ വര്‍ഷം വന്ന ഹിറ്റുകള്‍ മലയാളി ഫ്രം ഇന്ത്യക്ക് വലിയ പ്രഷറാണ് തരുന്നതെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ഒരുപാട് സിനിമകള്‍ ഹിറ്റാകുമ്പോള്‍ പിന്നാലെ വരുന്ന സിനിമക്ക് ചെറുതല്ലാത്ത പ്രഷര്‍ തരാറുണ്ടെന്നും ഡിജോ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജോ ഇക്കാര്യം പറഞ്ഞത്.
‘മഞ്ഞുമ്മല്‍ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റാകുന്നത് വലിയ ബാധ്യത തന്നെയാണ്. കാരണം, തുടര്‍ച്ചയായി വിജയസിനിമകള്‍ മാത്രമിറങ്ങുമ്പോള്‍ അടുത്ത സിനിമക്ക് പ്രേക്ഷകര്‍ സ്വാഭാവികമായി പ്രതീക്ഷ വെക്കും. ആ പ്രതീക്ഷ മറ്റൊരു തരത്തില്‍ നോക്കുമ്പോള്‍ സിനിമക്ക് ഗുണവുമാണ്. പുറത്തുള്ളവര്‍ ഈ സിനിമയെപ്പറ്റി സംസാരിക്കും.
എന്നാലും ഇതൊക്കെ പ്രഷറാണ്. സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയില്‍ വ്യത്യസ്തമായ എന്തെങ്കിലും പ്രേക്ഷകര്‍ക്ക് നല്‍കണമെന്ന പ്രഷറാണ് ആദ്യത്തേത്. അങ്ങനെ ഒരു പ്രഷറില്ലാതെ ഞാന്‍ ചെയ്ത ഒരേയൊരു സിനിമ ക്വീന്‍ മാത്രമാണ്. കുറച്ച് പുതിയ പിള്ളേരെ വെച്ച് ചെയ്തുതീര്‍ത്ത സിനിമയായിരുന്നു അത്.
പിന്നീട് ചെയ്ത ജന ഗണ മനയില്‍ ഹിറ്റ് സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന രാജുവേട്ടനെയാണ് നായകനാക്കിയത്. കൂടെ സുരാജേട്ടനുമുണ്ടായിരുന്നു. ഈ രണ്ട് താരങ്ങളെയും വെച്ച് വലിയൊരു ബജറ്റില്‍ സിനിമ ചെയ്യുക എന്ന പ്രഷര്‍ നല്ല രീതിയില്‍ ഉണ്ടായിരുന്നു.
മലയാളി ഫ്രം ഇന്ത്യയിലേക്കെത്തിയപ്പോള്‍ ഷൂട്ടിങ് ദിവസം വിചാരിച്ചതിനെക്കാള്‍ കൂടുതലെടുത്തു എന്ന പ്രഷര്‍ ഒരു ഭാഗത്ത്, നിവിന്‍ പോളി എന്ന സൂപ്പര്‍സ്റ്റാറിനെ വെച്ചു ചെയ്യുന്ന സിനിമ എന്ന പ്രഷര്‍ മറ്റൊരു ഭാഗത്ത്. ഇതുപോലുള്ള പ്രഷറുകള്‍ ഹാന്‍ഡില്‍ ചെയ്യുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെയെല്ലാം നേരിട്ട് നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം,’ ഡിജോ പറഞ്ഞു.
Content Highlight: Dijo Jose share about the pressure he facing when directing a film