| Saturday, 11th May 2024, 9:19 am

നല്ലൊരു ഐറ്റം ഉണ്ട്, നീ കേള്‍ക്കണം എന്നല്ലാതെ ജയസൂര്യ എന്നോട് വേറൊന്നും പറഞ്ഞിട്ടില്ല: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി ഫ്രം ഇന്ത്യയുടെ സ്‌ക്രിപ്റ്റ് മോഷണ ആരോപണത്തില്‍ വിശദീകരവുമായി സംവിധായകന്‍ ഡിജോ ജോസ്. 2022 ജൂണ്‍27നാണ് താന്‍ ജയസൂര്യയുമൊത്തുള്ള ആദ്യത്തെ പരസ്യം ചെയ്തതെന്നും അന്ന് കഥയൊന്നും പറയാന്‍ സമയം കിട്ടിയില്ലെന്നും ഡിജോ പറഞ്ഞു. പിന്നീട് ജൂലൈ ഒന്നിന് ജയസൂര്യ തന്നെ വിളിച്ച് ഒരു കിടിലന്‍ ഐറ്റമുണ്ടെന്നും തന്നോട് അത് കേള്‍ക്കാന്‍ പറഞ്ഞെന്നുമല്ലാതെ വേറൊന്നും പറഞ്ഞില്ല എന്നും ഡിജോ പറഞ്ഞു.

പറഞ്ഞ ദിവസത്തിനുള്ളില്‍ കിട്ടിയ ബജറ്റില്‍ ആഡ് ഷൂട്ട് ചെയ്ത് തീര്‍ക്കാനാണ് താന്‍ അന്ന് നേക്കിയതെന്നും കഥ പറഞ്ഞിരിക്കാന്‍ സമയം കിട്ടിയില്ലെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിജോ ഇക്കാര്യം പറഞ്ഞത്. ഷാരിസ് ഈ കഥ ഒരുപാട് പേരോട് പറഞ്ഞിരുന്നെന്നും ഛായാഗ്രഹകന്‍ ശ്രീജിത്ത് ഈ കഥക്ക് ആവശ്യമുള്ള മാറ്റം സജസ്റ്റ് ചെയ്‌തെന്നും ഡിജോ പറഞ്ഞു. ശ്രീജിത്തിന്റെ പേര് ക്രെഡിറ്റില്‍ വെച്ചിട്ടുണ്ടെന്നും ഡിജോ പറഞ്ഞു.

‘ഞാന്‍ ജയസൂര്യയെ വെച്ച് ആദ്യത്തെ പരസ്യം ഷൂട്ട് ചെയ്യുന്നത് 2022 ജൂണ്‍ 27നാണ്. അന്ന് കഥ പറയാനുള്ള സമയമൊന്നും കിട്ടിയില്ല. പലര്‍ക്കുമുള്ള തെറ്റിദ്ധാരണയാണത്. ഞങ്ങളൊക്കെ പറഞ്ഞ ബജറ്റില്‍ പറഞ്ഞ ദിവസത്തിനുള്ളില്‍ ഷൂട്ട് തീര്‍ക്കാനാണ് നോക്കുന്നത്. ആ സമയത്ത് കഥ പറയാനുള്ള ഗ്യാപ്പൊന്നും കിട്ടിയില്ല.

പിന്നീട് ജൂലൈ ഒന്നിന് ജയസൂര്യ എന്നെ വിളിച്ചിട്ട്, ‘എടാ ഒരു കിടിലന്‍ ഐറ്റമുണ്ട് നീ കേട്ടുനോക്ക് എന്ന് പറഞ്ഞു. ഈ കഥയെക്കുറിച്ച് അപ്പോഴാണ് ജയസൂര്യ എന്നോട് പറഞ്ഞത്. ആ സമയത്തും അവന്‍ കഥ പറഞ്ഞില്ല. കേട്ടുനോക്ക് എന്ന് പറഞ്ഞിട്ട് നിഷാദിന്റെ നമ്പര്‍ തന്നു.

മലയാളി ഫ്രം ഇന്ത്യയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ എഴുതിയത് ഷാരിസാണ്. അവന്‍ ഈ കഥ ഒരുപാട് പേരോട് പറഞ്ഞിട്ടുണ്ട്. അതിലൊരാളാണ് ക്യാമറാമാന്‍ ശ്രീജിത്ത്. അവര്‍ രണ്ടുപേരും ഈ സ്‌ക്രിപ്റ്റില്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ ഷാരിസ് എന്നോട് ഈ കാര്യം പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടാണ് സിനിമയുടെ ക്രെഡിറ്റില്‍ ശ്രീജിത്തിന്റെ പേര് കൂടി വെച്ചത്,’ ഡിജോ പറഞ്ഞു.

Content Highlight: Dijo Jose saying that Jayasurya did not tell him any story during ad shoot

Latest Stories

We use cookies to give you the best possible experience. Learn more