അടുത്തിടെ രാജ്യത്താകെ ശ്രദ്ധ നേടിയ ചിത്രമാണ് ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ ജന ഗണ മന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ഡിജോയും ഒരു കോളേജ് പ്രൊഫസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ രംഗത്തിലേക്ക് അഭിനയിക്കാനെത്തിയതിനെ പറ്റി പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡിജോ.
‘ഞാന്‍ ഇതില്‍ അഭിനയിക്കണമെന്ന് വിചാരിച്ച് എഴുതിയതല്ല. ക്വീനിലും ഒരു പാട്ടില്‍ ഞാന്‍ മാഷായി വരുന്നുണ്ട്. പിന്നെ ഫണ്ണല്ലേ, ഞാന്‍ തന്നെ അങ്ങ് ചെയ്തു. ഇത് സീരിയസ് പരിപാടിയാണ്. നേരത്തെ തന്നെ സ്‌ക്രിപ്രറ്റിലുള്ള സീനാണ്. ബേസിക്കലി കേരളത്തില്‍ അല്ല സിനിമ, പുറത്താണ്.
കേരളത്തില്‍ നിന്നും ഒരു പ്രതിഷേധം ഉണ്ടാവണം. അത് സംഭവിക്കണമെങ്കില്‍ ഒരു സീന്‍ വേണം. നമ്മള്‍ അങ്ങനെ രണ്ടുമൂന്ന് സീനെഴുതി. അതെല്ലാം വെട്ടി വെട്ടി അവസാനമാണ് ഈ മാഷിന്റെ സീനിലേക്ക് വന്നത്. എഴുതി കഴിഞ്ഞപ്പോള്‍ കൊള്ളാമെന്ന് തോന്നി. ഒരു ഫയര്‍ കിട്ടുന്നുണ്ട്. തീ കത്തണം, ഒരു സ്പാര്‍ക്ക് ഏരിയ ആണ്. ആ കഥാപാത്രത്തിനായി ഒരു സ്റ്റാറിനെ കൊണ്ടുവന്നാല്‍ അതിനുവേണ്ടി മാത്രം ആ സീന്‍ എഴുതിയത് പോലെയാവും.
അതുമല്ല പൃഥ്വിരാജുണ്ട്, സുരാജേട്ടനുണ്ട്, മംമ്തയുണ്ട് എല്ലാ സ്റ്റാര്‍സും ഉണ്ട്. ഇതിന്റെ ഇടയില്‍ ഒരു സ്റ്റാറ് കൂടിയെന്ന് പറഞ്ഞാല്‍ എന്റെ പൊന്നെടാ ഉവ്വേ നിനക്കിത്രേം പേര് പോരേ, ഇനീം വേണോന്ന് ലിസ്റ്റിന്‍ ചോദിക്കും. ആ സീന്‍ വര്‍ക്കായി. ഇതെങ്ങനെയോ ചെയ്തു.
ഇനി വരുന്ന സിനിമയിലും ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്യും. പക്ഷേ അതൊരു രസമായിട്ടാണ് കാണുന്നത്. രാജമൗലിയൊക്കെ ചില സ്ഥലത്തൊക്കെ വന്നിട്ട് പോകാറുണ്ട്, ലിജോ ജോസ് പെല്ലിശ്ശേരിയൊക്കെ ഇറച്ചി മേടിക്കുന്നു. അതൊക്കെ കാണുമ്പോള്‍ രസമല്ലേ. എന്നാല്‍ വേണ്ടതാണെങ്കില്‍ മാത്രമേ ഞാന്‍ വരൂ,’ ഡിജോ പറഞ്ഞു.
Content Highlight: dijo jose antony talks about the funny reply of listin stephen