അവര്‍ മെസേജുള്ള കഥയുണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്; എന്നാല്‍ എനിക്ക് വേണ്ടത് അതായിരുന്നില്ല: ഡിജോ ജോസ് ആന്റണി
Entertainment
അവര്‍ മെസേജുള്ള കഥയുണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്; എന്നാല്‍ എനിക്ക് വേണ്ടത് അതായിരുന്നില്ല: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2024, 12:51 pm

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായ വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി എടുത്ത തന്റെ രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് ഡിജോ കൂടുതല്‍ പ്രശസ്തനായത്.

ഡിജോയുടെ സംവിധാനത്തില്‍ എത്തുന്ന അടുത്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിന്‍ പോളി ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായി എത്തുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനൊപ്പം തുടര്‍ച്ചയായി ഡിജോ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

ഡിജോ – ഷാരിസ് കൂട്ടുക്കെട്ടില്‍ എത്തുന്ന ആദ്യ രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാണ് മലയാളി ഫ്രം ഇന്ത്യ പറയുന്നത്. ഷാരിസ് പോലും താന്‍ ഇത്തരം ഒരു സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് പറയുകയാണ് ഡിജോ ജോസ് ആന്റണി.

തന്നെ പലരും വിളിച്ച് സോഷ്യല്‍ മെസേജ് ബേസ്ഡായ ഒരു കഥയുണ്ട് എന്നാണ് പറയാറുള്ളതെന്നും ഡിജോ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. എന്നാല്‍ തനിക്ക് സിനിമയിലൂടെ ഒരു എനര്‍ജി കൊടുക്കണമെന്നേ ആഗ്രഹമുള്ളൂവെന്ന് ഡിജോ തുറന്ന് പറയുന്നു.

‘ഇപ്പോള്‍ ഞങ്ങള്‍ ഗോപിയുടെ ലോകത്താണ്. ജനഗണമനയുടെ ആ ഒരു ഫയറില്‍ നിന്നും ഞാന്‍ നേരെ ഗോപിയിലേക്കാണ് വരുന്നത്. അപ്പോള്‍ ഷാരിസ് പോലും വിചാരിച്ചില്ല, എനിക്ക് അങ്ങനെയൊരു സിനിമ വേണ്ടി വരുമെന്ന്.

അവന്‍ മാത്രമല്ല ആരും ഇത് വിചാരിക്കുന്നില്ല. എന്നെ വിളിക്കുന്ന പലരും സോഷ്യല്‍ മെസേജ് ബേസ്ഡായ ഒരു കഥയുണ്ട് എന്നാണ് പറയുന്നത്. എനിക്ക് അങ്ങനെ മെസേജ് കൊടുക്കണം എന്നൊന്നും ഇല്ല. നമ്മള്‍ക്ക് സിനിമയിലൂടെ ഒരു എനര്‍ജി കൊടുക്കണമെന്നേ ഉള്ളൂ. അല്ലാതെ മെസേജ് കൊടുക്കാന്‍ നമ്മള്‍ ആരുമല്ല.

എന്നോട് പറയാനായി ഷാരിസിന് ശരിക്കും വേറെ എന്തോ പടമായിരുന്നു പ്ലാനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മലയാളി ഫ്രം ഇന്ത്യയുടെ കഥ വെറുതെ പറഞ്ഞതും ഇത് നല്ല രസമുണ്ടല്ലോയെന്ന് ഞാന്‍ പറഞ്ഞു. ‘എടാ നീ അതിന് ഇങ്ങനെയുള്ള സിനിമയല്ലല്ലോ’ എന്നാണ് മറുപടി പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ഈ സിനിമയിലേക്ക് എത്തുന്നത്. പിന്നെയാണ് നിവിനോട് ഒരു കോണ്‍വെര്‍സേഷന്‍ തുടങ്ങുന്നത്,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Talks About Social Message Based Movies