| Saturday, 4th May 2024, 9:04 pm

ട്രിക്കിയായ സിനിമ; അത് ആദ്യമേ പുറത്തുവിട്ടാല്‍ ആടുജീവിതത്തിന്റെ സ്പൂഫാണല്ലേ എന്ന് അവര്‍ക്ക് മനസിലാകും: ഡിജോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാല്‍ ആ രാജ്യം നശിക്കുമെന്ന ആശയം പങ്കുവെക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായി എത്തിയത്.

ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദിനൊപ്പം തുടര്‍ച്ചയായി ഡിജോ മൂന്നാമതും ഒരു സിനിമക്കായി ഒന്നിച്ചു എന്ന പ്രത്യേകതയും മലയാളി ഫ്രം ഇന്ത്യക്കുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ഒരു ഭാഗത്തിന് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നു.

ഇതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. സിനിമയുടെ ചില ഭാഗത്ത് ആടുജീവിതത്തിന്റെ സ്പൂഫാണെന്ന് ആളുകള്‍ പറയുന്നുണ്ടെന്നും സിനിമയുടെ റിലീസിന് മുമ്പ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാതിരുന്നത് അതൊക്കെ കൊണ്ടാണെന്നും ഡിജോ പറയുന്നു.

എന്തെങ്കിലും കാര്യങ്ങള്‍ പുറത്തുവിട്ടാല്‍ ഇത് സ്പൂഫാണല്ലേ എന്ന കാര്യം ആളുകള്‍ക്ക് ആദ്യമേ തന്നെ മനസിലാകുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡിജോ ജോസ് ആന്റണി.

‘ഈ സിനിമയില്‍ ഹ്യൂമറുണ്ടോ ഇല്ലയോ എന്ന് ചോദിച്ചാല്‍, ഹ്യൂമറുള്ള സിനിമയാണ്. പക്ഷേ അതിന്റെ അളവാണ് പ്രശ്‌നം. സിനിമയുടെ ടീസറും പ്രസ്മീറ്റുമൊക്കെ പുറത്ത് വന്നതോടെ എല്ലാം ബ്രേക്കായി. ഇത് മലയാളി കാണേണ്ട സിനിമയാണെന്ന് ആളുകള്‍ക്ക് മനസിലായി.

അതാണ് ഞാന്‍ പലപ്പോഴും ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. മലയാളിയുടെ യാത്രയാണ് ഈ സിനിമ. മലയാളിയായ അവന്റെ യാത്രയും സ്ട്രഗിളുകളും ഇമോഷണനും അവന്റെ തിരിച്ചറിവുമൊക്കെയാണ് ഈ സിനിമ. ഒരു മലയാളിക്ക് ഇത് നന്നായി കണക്ട് ആകും.

പിന്നെ ഒരുപാട് സ്‌പോയിലേര്‍സ് ഉണ്ടായിരുന്നു. സിനിമയില്‍ മറ്റൊരു കഥാപാത്രമുണ്ട് (ദീപക് ജേത്തി). മലയാളികള്‍ക്ക് അദ്ദേഹത്തെ അറിയില്ല. നോര്‍ത്തില്‍ നിന്നുള്ള ആളാണ്. അദ്ദേഹം ചെയ്ത കഥാപാത്രത്തിന് നല്ല അഭിപ്രായമാണ്. എന്നാല്‍ എനിക്ക് അതൊന്നും സിനിമക്ക് മുമ്പ് പുറത്ത് വിടാന്‍ സാധിക്കില്ല. ഇത് ഒരു ട്രിക്കിയായ സിനിമയാണ്.

പടത്തില്‍ ആറ് പാട്ടുകളുണ്ട്. ഒരു പാട്ട് മാത്രമാണ് സിനിമ ഇറങ്ങുന്നതിന് മുമ്പ് പുറത്ത് വിട്ടത്. ചില ഏരിയയില്‍ ആടുജീവിതത്തിന്റെ സ്പൂഫാണെന്ന് ആളുകള്‍ പറയുന്നുണ്ട്. അങ്ങനെ ഫീല് ചെയ്തു എന്നാണ് അവര്‍ പറയുന്നത്. ഇതൊന്നും ആദ്യം പുറത്ത് വിടാന്‍ പറ്റില്ല. വിട്ടാല്‍ ഇത് സ്പൂഫാണല്ലേ എന്ന കാര്യം ആളുകള്‍ക്ക് ആദ്യമേ തന്നെ കിട്ടും,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Talks About Malayali From India As Aadujeevitham Spoof

We use cookies to give you the best possible experience. Learn more