| Tuesday, 30th April 2024, 10:32 am

എമ്പുരാന്‍ കാരണമാണ് എന്റെ ആ ചിത്രം വൈകുന്നത്; ഇതൊരു ഈസി ഗെയിമല്ല: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് നേടിയത്.

പൃഥ്വിരാജിനും സുരാജിനും പുറമെ പശുപതി രാജ്, വിന്‍സി അലോഷ്യസ്, ജി.എം. സുന്ദര്‍, മംമ്ത മോഹന്‍ദാസ്, ശ്രീ ദിവ്യ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ജനഗണമനയുടെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകളും എഴുത്തുമൊക്കെ നടക്കുന്നുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി.

താന്‍ അടുത്ത ആഴ്ച്ച പൃഥ്വിരാജിനെ കണ്ട് ഈ സിനിമയെ കുറിച്ച് പറയാന്‍ തീരുമാനിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡിജോ.

‘ജനഗണമനയുടെ അടുത്ത ഭാഗത്തിന്റെ ചര്‍ച്ചകളും എഴുത്തുമൊക്കെ നടക്കുന്നുണ്ട്. സത്യത്തില്‍ അടുത്ത ആഴ്ച്ച രാജുവിനെ ഒന്ന് കണ്ട് അതിനെ പറ്റി പറയാന്‍ ഇരിക്കുകയായിരുന്നു. പക്ഷേ എമ്പുരാന്റെ ഷൂട്ടിങ്ങും മറ്റുമായി രാജുവും തിരക്കിലാണ്.

പിന്നെ നമ്മുടെ മലയാളി ഫ്രം ഇന്ത്യയുടെ തിരക്കും മറ്റും ഉള്ളത് കൊണ്ട് രാജുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതല്ലെങ്കില്‍ ഒരുപക്ഷെ നമ്മള്‍ ഗ്രീന്‍ ഫ്‌ളാഗോടെ പെട്ടെന്ന് തന്നെ ആ സിനിമ സ്റ്റാര്‍ട്ട് ചെയ്യേണ്ടതായിരുന്നു. സിനിമയുടെ റൈറ്റിങ് പ്രോസസൊക്കെ ഒരുവിധം തുടങ്ങിയിട്ടുണ്ട്.

ഞങ്ങളുടെ ഡിസ്‌ക്കഷന്‍ ഫേസ് ഒക്കെ തുടങ്ങി ഏകദേശം അറുപത് എഴുപത് ശതമാനമൊക്കെ കഴിഞ്ഞു. ഇനി രാജുവിനെ ഒന്ന് കാണണം. അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങണം. ജനഗണമനയുടെ അടുത്ത ഭാഗം എപ്പോഴാണെന്ന് പലരും ചോദിക്കുന്നുണ്ട്.

അവര്‍ക്കുള്ള ഉത്തരം ആ സിനിമ ഒരു ഈസി ഗെയിമല്ല എന്നതാണ്. ആദ്യ ഭാഗം നിങ്ങള്‍ക്ക് എത്രത്തോളം എക്‌സൈറ്റ്‌മെന്റ് തന്നിട്ടുണ്ടോ അതിലും കൂടുതല്‍ റെസ്‌പോണ്‍സിബിളിറ്റി ഞങ്ങള്‍ക്കുണ്ട്. അത് ഡെലിവറി ചെയ്യണമെങ്കില്‍ ഞങ്ങള്‍ക്ക് സമയം വേണം. ആ സമയം എടുത്ത് തന്നെ ഞങ്ങള്‍ വരും. ആ വരവ് ഒരു ഗംഭീര വരവാകും,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Talks About Janaganamana Second Part

We use cookies to give you the best possible experience. Learn more