ഇനി സിനിമ ഉണ്ടാകില്ലേയെന്ന് പേടിച്ച സമയം; അന്ന് ആ മലയാള ചിത്രമാണ് ധൈര്യം പകര്‍ന്നത്: ഡിജോ ജോസ് ആന്റണി
Entertainment
ഇനി സിനിമ ഉണ്ടാകില്ലേയെന്ന് പേടിച്ച സമയം; അന്ന് ആ മലയാള ചിത്രമാണ് ധൈര്യം പകര്‍ന്നത്: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2024, 4:57 pm

കൊവിഡിന്റെ സമയത്ത് ശരിക്കും പേടിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ആ സമയത്ത് ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു എന്നും ഇനി സിനിമയില്ലേ എന്നതായിരുന്നു തന്റെ പേടിയെന്നും ഡിജോ പറയുന്നു.

താന്‍ പേടിച്ചിരിക്കുന്ന സമയത്താണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ വരുന്നതെന്നും ഡിജോ ജോസ് ആന്റണി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

കൊവിഡിന്റെ ഇടയിലും സിനിമ കാണാന്‍ തിയേറ്ററില്‍ വന്നത് കണ്ടപ്പോഴാണ് തനിക്ക് പ്രേക്ഷകരോടുള്ള ബഹുമാനം കൂടിയതെന്നും അവരാണ് വീണ്ടും ധൈര്യം തരുന്നതെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.

‘കൊവിഡിന്റെ സമയത്തൊക്കെ ശരിക്കും പേടിച്ചിട്ടുണ്ട്. ആ സമയത്ത് നല്ല ടെന്‍ഷന്‍ ആയിരുന്നു. ഇനി സിനിമയില്ലേ ലോകമില്ലേ എന്നൊക്കെ പേടിച്ചിരുന്നു. അപ്പോഴാണ് ഹൃദയം വരുന്നത്. ഹൃദയം വന്ന് ഒരടി അടിക്കുമ്പോഴാണ് പരിപാടി ഓണ്‍ ആയെന്ന് മനസിലാകുന്നത്.

അപ്പോള്‍ തന്നെയാണ് ഒ.ടി.ടിയില്‍ ഭീഷ്മ പര്‍വ്വവും എത്തുന്നത്. മാര്‍ച്ചില്‍ പരീക്ഷയുടെ സമയത്താണ് ഇത് അടിച്ചു കയറുന്നത്. പടം കാണാന്‍ കൊവിഡിന്റെ ഇടയിലും തിയേറ്ററില്‍ ആളുകള്‍ വരുന്നത് കാണുമ്പോഴാണ് നമുക്ക് പ്രേക്ഷകരോടുള്ള ബഹുമാനം കൂടുന്നത്. ഇവരാണ് വീണ്ടും ധൈര്യം തരുന്നത്.

ഇപ്പോള്‍ ആണെങ്കില്‍ ആരെങ്കിലും ഒ.ടി.ടിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ടോ. പുതിയ പടം വന്നിട്ടുണ്ടോ എന്ന് ചോദിച്ച് ആളുകള്‍ തിയേറ്ററിലേക്കാണ് വരുന്നത്. ഇപ്പോള്‍ നമുക്ക് ഈ കിട്ടിയ സോണ്‍ തുടര്‍ച്ചയായിട്ട് ഉണ്ടാകട്ടെ എന്നാണ് പ്രാര്‍ത്ഥന,’ ഡിജോ ജോസ് ആന്റണി പറയുന്നു.


Content Highlight: Dijo Jose Antony Talks About Hridayam Movie