| Friday, 3rd May 2024, 3:02 pm

ഗോപിയുടെ സാഹിബിനെ കണ്ടെത്തിയ വഴി; ആ കഥാപാത്രത്തിനായി ഒരൊറ്റ ഡിമാന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായാണ് നിവിനെത്തിയത്.

മലയാളി ഫ്രം ഇന്ത്യ കണ്ട ഓരോരുത്തരുടെയും മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നു പാക്കിസ്ഥാനിയായ സാഹിബിന്റേത്. നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കഥാപാത്രമായി എത്തിയത് ദീപക് ജേത്തിയായിരുന്നു.

എങ്ങനെയാണ് താരത്തെ മലയാളി ഫ്രം ഇന്ത്യയിലേക്ക് കാസ്റ്റ് ചെയ്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ കഥാപാത്രത്തിന് വേണ്ടി ഒരുപാട് ഓഡിഷന്‍സ് നടത്തിയിരുന്നു. ഞങ്ങള്‍ ഓഡീഷന്‍ നടത്താനായി ബോംബെയിലും മറ്റും പോയിരുന്നു. ഞങ്ങള്‍ക്ക് ആകെ ഉണ്ടായിരുന്ന ഡിമാന്റ് ഗോപിയും സാഹിബും തമ്മില്‍ നല്ല ഹൈറ്റ് ഡിഫ്രന്‍സ് വേണം എന്നതാണ്. ഗോപി അയാളെ തലയുയര്‍ത്തി നോക്കണം.

നിവിനോട് ഈ കാര്യം പറഞ്ഞപ്പോള്‍ അവന്റെ സൈഡില്‍ നിന്നും നല്ല അഭിപ്രായമാണ് വന്നത്. എക്‌സൈറ്റിങ്ങായ പരിപാടിയായിരുന്നു അത്. സാഹിബ് രൂപത്തിലും ഭാവത്തിലും ഒരു ഘടാഘടിയനാകണം. അതിന് വേണ്ടി ഒരാളെ കുറേ തിരഞ്ഞു. പക്ഷേ ആരുടേയും ഭാഗത്ത് നിന്ന് ആക്ടിങ് നമുക്ക് കിട്ടുന്നുണ്ടായിരുന്നില്ല.

അങ്ങനെയാണ് നമ്മുടെ ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് ഇദ്ദേഹത്തിന്റെ (ദീപക് ജേത്തി) ഒരു വീഡിയോ അയക്കുന്നത്. സന്തോഷ് വഴി ഇദ്ദേഹത്തെ ബോംബെയില്‍ വെച്ച് കണ്ടു. രണ്ടുമൂന്നു ഡയലോഗുകള്‍ കൊടുത്ത് ഓഡീഷന്‍ നടത്തി സെലക്ട് ചെയ്യുകയായിരുന്നു,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.

മലയാളത്തിലെ ഡയലോഗുകള്‍ ഉള്‍പ്പെടെ ദീപക് ജേത്തി തന്നെയാണ് ഡബ്ബ് ചെയ്തതെന്നും സിനിമക്ക് വേണ്ടി അദ്ദേഹം ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്നും നിവിന്‍ പോളിയും അഭിമുഖത്തില്‍ പറഞ്ഞു. ഒപ്പം കേരളത്തില്‍ വന്ന് താമസിച്ച് കുറേ ദിവസം സമയമെടുത്തിട്ടാണ് അദ്ദേഹം ഇത്ര പെര്‍ഫെക്റ്റാക്കിയതെന്നും താരം പറയുന്നു.

‘പടം കണ്ട എല്ലാവരും റിവ്യൂസിലും മറ്റും അദ്ദേഹത്തെ കുറിച്ച് പോസിറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങളാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും മോഡുലേഷനുമെല്ലാം ആളുകള്‍ക്ക് വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ട് ഫീല്‍ ചെയ്തിട്ടുണ്ട്.

പുള്ളി തന്നെയാണ് സിനിമയില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മലയാളവും സാഹിബ് തന്നെയാണ് ചെയ്തത്. ഇവിടെ വന്ന് താമസിച്ച് കുറേ ദിവസം സമയമെടുത്തിട്ട് ആണ് ഇത്ര പെര്‍ഫെക്റ്റ് ആക്കിയത്. സിനിമക്ക് വേണ്ടി അദ്ദേഹം അത്രയും എഫേര്‍ട്ട് എടുത്തിട്ടുണ്ട്. അത് വലിയ കാര്യമാണ്,’ നിവിന്‍ പോളി പറഞ്ഞു


Content Highlight: Dijo Jose Antony Talks About How To Cast Deepak Jethi In Malayali From India

We use cookies to give you the best possible experience. Learn more