മലയാളി ഫ്രം ഇന്ത്യ; അദ്ദേഹം സിനിമയുടെ കഥപോലും കേട്ടില്ല; ആ വൈബ് കണ്ട് ഞാന്‍ സര്‍പ്രൈസ് ആയി: ഡിജോ ജോസ് ആന്റണി
Entertainment
മലയാളി ഫ്രം ഇന്ത്യ; അദ്ദേഹം സിനിമയുടെ കഥപോലും കേട്ടില്ല; ആ വൈബ് കണ്ട് ഞാന്‍ സര്‍പ്രൈസ് ആയി: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 8:25 am

സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഡിജോ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനൊപ്പം തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ചിത്രത്തില്‍ ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായി എത്തിയത് നിവിന്‍ പോളിയാണ്. മലയാളി ഫ്രം ഇന്ത്യയില്‍ ഒരു പ്രധാനകഥാപാത്രമായി ധ്യാന്‍ ശ്രീനിവാസനുമുണ്ട്. നിവിന്റെ സുഹൃത്തായ മല്‍ഘോഷ് എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തിയത്.

തന്റെ സിനിമയിലേക്ക് ധ്യാന്‍ കഥ കേള്‍ക്കാതെയാണ് അഭിനയിക്കാന്‍ വന്നതെന്ന് പറയുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആദ്യം വിളിച്ചിട്ട് ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘അളിയാ എന്നാണ്. ഡേറ്റ് പറയ്. ഞാന്‍ വരാം’ എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. അതാണ് ധ്യാനിന്റെ എക്‌സൈറ്റ്‌മെന്റ്. കഥ കേള്‍ക്കണ്ടേയെന്ന് ചോദിച്ചപ്പോള്‍ എന്നാണ് അഭിനയിക്കാന്‍ വരേണ്ടത് എന്നായിരുന്നു ചോദ്യം.

ധ്യാനിന്റെ ആ വൈബ് കണ്ട് ഞാന്‍ സര്‍പ്രൈസ് ആയിട്ടുണ്ട്. എനിക്ക് അവനുമായി പേര്‍സണല്‍ കണക്ഷന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ സുരാജേട്ടനോട് ജനഗണമനയുടെ കഥ പറയാന്‍ പോയപ്പോള്‍ ധ്യാനിനെ കണ്ടിരുന്നു. അതിന് ശേഷം ധ്യാനിനെ ഈ സിനിമയുടെ ഭാഗമായാണ് കാണുന്നത്.

നിവിനിന്റെ പടമാണ് എന്ന് പറഞ്ഞപ്പോള്‍ അളിയാ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഈ സിനിമയുടെ കഥയൊന്നും ധ്യാന്‍ കേട്ടിട്ടില്ല. പിന്നീട് ഒരു ദിവസം ‘സത്യം പറഞ്ഞാല്‍ ഞാന്‍ കഥയൊന്നും കേട്ടിട്ടില്ല’ എന്ന് ധ്യാന്‍ ഇങ്ങോട്ട് പറഞ്ഞു. അപ്പോഴാണ് ഞാനും ആ കാര്യം ഓര്‍ക്കുന്നത്.

ധ്യാന്‍ സിനിമക്ക് നല്‍കുന്ന എഫേര്‍ട്ട് വളരെ വലുതാണ്. ഏതെങ്കിലും ഒരു സിനിമയെന്നൊന്നും ഇല്ല. ധ്യാന്‍ എല്ലാ സിനിമയെയും ഒരേ റെസ്പെക്‌റ്റോടെയാണ് കാണുന്നത്. അങ്ങനെയൊരാളെ നമ്മുക്ക് കാണാന്‍ കഴിയില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ അങ്ങനെ ഒരാളെ കണ്ടിട്ടില്ല. അവന്‍ എല്ലാവരെയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നത്.

ഈ സിനിമയില്‍ ധ്യാന്‍ ഒരു സീക്വന്‍സിന് വേണ്ടി രാവിലെ മുതല്‍ രാത്രി വരെ നിന്ന് 24 മണിക്കൂറും ഷൂട്ട് ചെയ്തിട്ടുണ്ട്. അതും ഒരേ എനര്‍ജിയില്‍ ആയിരുന്നു ധ്യാന്‍ അന്ന് ഉണ്ടായിരുന്നത്. അങ്ങനെയാണ് ധ്യാന്‍ എന്നെ ഞെട്ടിക്കുന്നത്. അവന്‍ നല്ല ഒരു നടനാണ്, അതേസമയം കമ്മിറ്റഡ് ആര്‍ട്ടിസ്റ്റുമാണ്,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Talks About Dhyan Sreenivasan