| Tuesday, 30th April 2024, 5:30 pm

ആ സിനിമ കണ്ടതോടെ എത്ര ഗ്രേറ്റായ നടനാണ് പൃഥ്വിയെന്ന് മനസിലായി; അന്ന് ഞാന്‍ തകര്‍ന്നുപോയി: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. തന്റെ രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് ഡിജോ കൂടുതല്‍ പ്രശസ്തനായത്. 2022ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകനായി എത്തിയത്.

പൃഥ്വിയോടൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളായിരുന്നു നേടിയത്. ഇപ്പോള്‍ പൃഥ്വിരാജ് നായകനായി അവസാനമെത്തിയ ആടുജീവിതം കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി.

ജനഗണമനയില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമായാണ് കാണുന്നതെന്നും അത്രയും ഗ്രേറ്റായിട്ടുള്ള നടനാണ് പൃഥ്വിയെന്ന് മനസിലാകുന്നത് ആടുജീവിതം കണ്ടപ്പോഴാണെന്നും ഡിജോ പറയുന്നു.

പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ആടുജീവിതം കണ്ടപ്പോള്‍ അഭിമാനം തോന്നിയോ എന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് ഡിജോ പൃഥ്വിയെ കുറിച്ച് പറഞ്ഞത്.

‘ആടുജീവിതം കണ്ടപ്പോള്‍ എനിക്ക് അഭിമാനമല്ല തോന്നിയത്. ഞാന്‍ ആ സിനിമ കണ്ട് കരയുകയായിരുന്നു. ഒരുപാട് കരഞ്ഞു. അതിന് ശേഷം ഞാന്‍ പൃഥ്വിക്ക് വോയിസ് മെസേജ് അയച്ചിരുന്നു. പൃഥ്വി ആ സമയത്ത് ഫ്ളൈറ്റിലായിരുന്നു. സുപ്രിയയെയും വിളിച്ച് സംസാരിച്ചു.

ആ സിനിമക്ക് വേണ്ടി പൃഥ്വി എടുത്ത എഫേര്‍ട്ടും, ബ്ലെസി സാറിന്റെ കഷ്ടപ്പാടുമെല്ലാം ആ സിനിമയില്‍ കണ്ടതോടെ അഭിമാനമാണോ അതോ സങ്കടമാണോ തോന്നിയതെന്ന് എനിക്കറിയില്ല. ഞാന്‍ ആ സമയത്ത് ലോസ്റ്റായിരുന്നു. സിനിമ മുഴുവന്‍ കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി.

അഭിമാനവും മറ്റ് വികാരങ്ങളും എല്ലാം ചേര്‍ന്നിട്ടുള്ള ഒരു ഫീലായിരുന്നു എനിക്ക്. ജനഗണമനയില്‍ പൃഥ്വിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതിനെ എന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അത്രയും ഗ്രേറ്റ് ആയിട്ടുള്ള നടനാണ് പൃഥ്വിയെന്ന് ആടുജീവിതം കണ്ടപ്പോള്‍ മനസിലായി,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Talks About Aadujeevitham

We use cookies to give you the best possible experience. Learn more