| Sunday, 28th April 2024, 12:36 pm

ആ ചിത്രത്തിലേത് പോലെയുള്ള വേഷമാണ് നിവിൻ ഇന്നും ചെയ്യുന്നതെങ്കിൽ ഒരിക്കലും ഈ കഥക്കായി സമീപിക്കില്ലായിരുന്നു: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബിലൂടെ കടന്ന് വന്ന നിവിൻ പോളി അധികം വൈകാതെ തന്നെ സൗത്ത് ഇന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയിരുന്നു.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.

കുറച്ച് നാളുകളായി നല്ലൊരു വിജയ ചിത്രം താരത്തിന്റെതായി പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലെ നിവിന്റെ വേഷം വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നേടിയത്.

പഴയ എന്റർടൈനർ നിവിൻ പോളിയെ കുറച്ച് നേരത്തേക്ക് കിട്ടിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളി ഫ്രം ഇന്ത്യയാണ് ഇറങ്ങാനുള്ള നിവിൻ ചിത്രം.

എന്തുകൊണ്ടാണ് താൻ നിവിൻ പോളിയെ ചിത്രത്തിലേക്ക് ചൂസ് ചെയ്തതെന്ന് പറയുകയാണ് ഡിജോ. വടക്കൻ സെൽഫി പോലുള്ള സിനിമകളാണ് നിവിൻ സ്ഥിരമായി ചെയ്തിരുന്നതെങ്കിൽ ഒരിക്കലും ഈ വേഷത്തിനായി നിവിനെ സമീപിക്കില്ലെന്ന് പറയുകയാണ് ഡിജോ. കുറച്ചുനാളായി വെറൈറ്റി സിനിമകളുടെ ഭാഗമായിട്ടുള്ള നിവിന്റെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വശം കാണാനാണ് താൻ ഈ ചിത്രം എടുത്തതെന്ന് ഡിജോ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഡിജോ.

‘നിവിൻ ഒരുപാട് ഗംഭീര സിനിമകൾ ചെയ്തിട്ടുള്ള ഒരാളാണ്. നമുക്കറിയാം, മൂത്തോൻ, ഹേയ് ജൂഡ് അങ്ങനെയുള്ള സിനിമകളൊക്കെ ചെയ്ത ഒരു വെറൈറ്റി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു നടനാണ് നിവിൻ.

ഒരുപക്ഷെ നിവിൻ വടക്കൻ സെൽഫിയിലെ ഉമേഷിനെ പോലെയുള്ള വേഷങ്ങളാണ് ഈ മൊമെന്റ് വരെ ചെയ്യുന്നതെങ്കിൽ ചിലപ്പോൾ ഒരു ആല്പറമ്പിൽ ഗോപിക്ക് വേണ്ടി ഞങ്ങൾ നിവിന്റെ അടുത്തേക്ക് പോവില്ല.

എന്നെ സംബന്ധിച്ചിടത്തോളം നിവിൻ ഒരു ഗംഭീര ആക്ടറാണ്. കാരണം വടക്കൻ സെൽഫിക്ക് ശേഷം മാറി മാറി വ്യത്യസ്തമായ ഒരുപാട് പടങ്ങൾ പുള്ളി ചെയ്തു. പുള്ളി വേറെയൊരു കരിയർ പരീക്ഷിച്ചിട്ടുണ്ട്. നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന നിവിന്റെ ആ ലൈറ്റർ സൈഡ് എനിക്കപ്പോൾ ആവശ്യമായിരുന്നു. അതിന് വേണ്ടിയാണ് ഞങ്ങൾ അങ്ങനെയൊരു പ്രോമോ വെച്ചത്,’ഡിജോ ജോസ് ആന്റണി പറയുന്നു.

Content Highlight:  Dijo Jose Antony Talk About Why He Choose Nivin Pauly To Malayali From India Movie

We use cookies to give you the best possible experience. Learn more