നായകൻ നായികയുടെ പിന്നാലെ നടക്കുന്നത് സ്റ്റോക്കിങ്ങാണെന്ന് പറയും, പക്ഷെ ആ പാട്ടെല്ലാം എന്റെ നൊസ്റ്റാൾജിക്ക് മൊമെന്റാണ്: ഡിജോ ജോസ് ആന്റണി
Entertainment
നായകൻ നായികയുടെ പിന്നാലെ നടക്കുന്നത് സ്റ്റോക്കിങ്ങാണെന്ന് പറയും, പക്ഷെ ആ പാട്ടെല്ലാം എന്റെ നൊസ്റ്റാൾജിക്ക് മൊമെന്റാണ്: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th April 2024, 4:20 pm

ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി നായകനാവുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. കുറച്ച് നാളുകൾക്ക് ശേഷം നിവിൻ പോളി ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

ഈയിടെ ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലെ നിവിന്റെ പ്രകടനം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. നിവിന്റെ അടുത്ത ചിത്രം എന്ന നിലയിൽ മലയാളി ഫ്രം ഇന്ത്യയിൽ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിലെ കൃഷ്ണ സോങ്ങും, മലയാളി ആന്തവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

കൃഷ്ണ സോങ് ഇറങ്ങിയതിന് പിന്നാലെ, വന്ദനം സിനിമയിലെ ‘കവിളിണയിൽ കുങ്കുമമോ’ എന്ന ഗാനം പോലെയുണ്ട് കാണാനെന്നെല്ലാം കമന്റ്‌ വന്നിരുന്നു. എന്നാൽ പാട്ടിൽ നായകൻ നായികയുടെ പിന്നാലെ നടക്കുന്നത് സ്റ്റോക്കിങ്ങാണെന്ന രീതിയിൽ പഴയ പാട്ടുകളെ കുറിച്ചും കൃഷ്ണ സോങ്ങിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്.

എന്നാൽ അത്തരത്തിലുള്ള പാട്ടുകളെല്ലാം തനിക്ക് നൊസ്റ്റാൾജിക്ക് മൊമെന്റ് ആണെന്നും ഇപ്പോഴും അതെല്ലാം കാണാറുണ്ടെന്നും ഡിജോ പറഞ്ഞു.
കൃഷ്ണ സോങ്ങിന് മലയാളത്തിലെ പല ഹിറ്റ്‌ ഗാനങ്ങളുടെയും റഫറൻസ് ഉണ്ടെന്നും അത് അങ്ങനെ വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഡിജോ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഡിജോ.

‘നായകൻ നായികയുടെ പുറകെ നടക്കുകയാണ്. നമ്മൾ പണ്ടുമുതലേ കാണുന്ന പാട്ടുകളാണ് അതിന്റെ റഫറൻസ്. ലാലേട്ടന്റെ കവിളിണയിൽ കുങ്കുമമോ, മമ്മൂക്കയുടെ മാനേ മധുര കരിമ്പേ, അതുപോലെ കരളേ കരളിന്റെ.. ഇതൊക്കെ റഫറൻസാണ്.

ഞാൻ ജേക്സിന്റെ അടുത്ത് പറഞ്ഞതും അതായിരുന്നു. വളരെ കൃത്യമായി പറഞ്ഞു. കാരണം കുറേനാളായിലെ നമ്മൾ ഇതൊക്കെ കണ്ടിട്ട്. ചിലർ പറയുന്നത് കാണാം നായകൻ നായികയുടെ പിന്നാലെ പോവുന്നത് സ്റ്റോക്കിങ്ങാണെന്ന്. പക്ഷെ എന്റെയൊക്കെ മനസിലെ വളരെ നൊസ്റ്റാൾജിക്ക് മൊമെന്റ് ആണ് ഈ പാട്ടുകൾ. ഇപ്പോഴും നമ്മൾ അതൊക്കെ കേൾക്കുന്നുണ്ട്.

സത്യം പറഞ്ഞാൽ ആ പാട്ടുകളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടതാണ് കൃഷ്ണ പാട്ട്. പിന്നെ നിവിൻ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. വടക്കൻ സെൽഫിയിലും തട്ടത്തിൻ മറയത്തിലുമെല്ലാം വേറേ സ്റ്റൈലല്ലേ. നിവിന്റെ ഒരു പൈങ്കിളി പ്രണയം ഞാൻ കണ്ടിട്ടില്ല. അപ്പോൾ അതൊന്ന് എക്സ്പ്ലോർ ചെയ്യാമെന്ന് കരുതിയാണ് ആ സോങ് ചെയ്തത്,’ഡിജോ ജോസ് ആന്റണി പറയുന്നു.

 

Content Highlight:  Dijo Jose Antony Talk About Stocking