ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നു വന്ന വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് ഡിജോ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.
ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നു വന്ന വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് ഡിജോ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.
ചിത്രം അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചാണ് ചിത്രം അവസാനിച്ചത്. എന്നാൽ പിന്നീട് സിനിമയുമായി ബന്ധപ്പെട്ട യാതൊരു അപ്ഡേഷനും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.
ഇപ്പോൾ ജനഗണമനയുടെ രണ്ടാംഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് ഡിജോ ജോസ് ആന്റണി. തന്നോട് അടുത്ത സിനിമയെ കുറിച്ച് ചോദിക്കുന്ന പലരും ജനഗണമനയുടെ രണ്ടാംഭാഗത്തെ കുറിച്ചാണ് ചോദിക്കാറെന്നും എന്നാൽ അത് കുറച്ച് പ്രഷറുള്ള കാര്യമാണെന്നും ഡിജോ പറയുന്നു. ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു ഡിജോ ജോസ്.
‘ജനഗണമന വിജയം അല്ലായിരുന്നുവെങ്കിൽ ജനഗണമനയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ആരും ചോദിക്കില്ലായിരുന്നു. പക്ഷെ ഇപ്പോൾ എന്നോട് ഏതാണ് അടുത്ത പടമെന്ന് ചോദിക്കുമ്പോൾ എല്ലാവരും ചോദിക്കുന്നത് എപ്പോഴാണ് ജനഗണമന 2 എന്നാണ്.
ആ ഒരു പ്രൊസസ്സ് വലിയ ടാസ്ക്കാണ്. പൃഥ്വിരാജ് ആണെങ്കിൽ ഇപ്പോൾ ലൂസിഫറിന് ശേഷം അതിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എടുക്കുന്നതും നല്ല ടാസ്ക്കുള്ള കാര്യമല്ലേ. അതുപോലെ തന്നെയാണ് എനിക്കും. ജനഗണമന 2വിന്റെ എഴുത്തിൽ തന്നെ അതിന്റെ പ്രശ്നമുണ്ട്. പക്ഷെ അത് നല്ലതാണ്. കാരണം നമ്മൾ പ്രഷർ ചെയ്താലേ നല്ലൊരു സിനിമ ചെയ്യാൻ പറ്റുള്ളൂവെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ,’ഡിജോ ജോസ് ആന്റണി പറയുന്നു.
അതേസമയം നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന മലയാളി ഫ്രം ഇന്ത്യയാണ് ഡിജോയുടെ മൂന്നാമത്തെ സിനിമ. മുമ്പത്തെ ചിത്രങ്ങൾ പോലെ ഷാരിസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ കഥ. കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.
Content Highlight: Dijo Jose Antony Talk About Second Part Of Janaganamana 2 Movie