ചുരുങ്ങിയ നാളുകൾ കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ കടന്നുവന്ന നിവിൻ പോളിക്ക് കുറച്ച് കാലമായി നല്ലൊരു വിജയചിത്രം ഇല്ലായിരുന്നു.
എന്നാൽ പഴയ എന്റർടൈനർ നിവിൻ പോളിയെ കുറച്ച് നേരത്തേക്ക് കിട്ടിയ ചിത്രമായിരുന്നു വിനീതിന്റെ തന്നെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം. വിനീതിനൊപ്പം ഒന്നിച്ച തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ രാജ്യം, വിനീതിന്റെ രചനയിൽ ഒരുങ്ങിയ ഒരു വടക്കൻ സെൽഫിയെല്ലാം നിവിന്റെ കരിയറിലെ വമ്പൻ വിജയങ്ങളാണ്.
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളി ഫ്രം ഇന്ത്യയാണ് ഇറങ്ങാനുള്ള നിവിൻ ചിത്രം.
വിനീത് ശ്രീനിവാസൻ സിനിമകളിലെല്ലാം കണ്ട നിവിൻ പോളിയുടെ മറ്റൊരു വേർഷനായിരിക്കും മലയാളി ഫ്രം ഇന്ത്യയിൽ കാണാൻ കഴിയുകയെന്ന് ഡിജോ പറയുന്നു.
‘ എനിക്ക് തോന്നുന്നത് വിനീതേട്ടനൊക്കെ എക്സ്പ്ലോർ ചെയ്ത, എക്സ്പോയിറ്റ് ചെയ്ത നിവിൻ പോളിയുടെ ചില മാനറിസങ്ങളില്ലേ, ഞാൻ അതിൽ നിന്ന് ഓരോന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിൽ ഓരോന്ന് ചെയ്തിട്ടുള്ളത്. നിവിൻ പോളി ഫൺ ഉണ്ട് പടത്തിൽ. അത് നന്നായി വർക്ക് ആയിട്ടുമുണ്ട്.
നിവിനുമായി ഒരിക്കൽ കണ്ടുമുട്ടിയപ്പോഴാണ് ഞാൻ ഇങ്ങനെയൊരു സിനിമയുണ്ടെന്ന് പറയുന്നത്. നിവിൻ ഇനി മാസ് പരിപാടിയാണോ വിചാരിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ കൊണ്ടുപോയി കൊടുത്തത് ഇങ്ങനെയൊരു സിനിമയാണ്. പക്ഷെ ഈ സിനിമയിൽ ഞാൻ ഉദ്ദേശിക്കുന്ന ഒരു ഇമോഷനുണ്ട്. അത് മാസാണോ എന്നൊന്നും എനിക്കറിയില്ല.
ഇത് നിവിൻ ചെയ്യാൻ സമ്മതിച്ചപ്പോഴാണ് ഫുൾ സിനിമ സെറ്റ് ആവുന്നത്. നിവിൻ വരുമ്പോൾ എനിക്ക് ഭയങ്കര വർക്കായിരുന്നു. അതിനെനിക്ക് ഒരു കൺഫ്യൂഷനും ഉണ്ടായിട്ടില്ല. ഞാൻ ഉദ്ദേശിച്ചത് കൃത്യമായിട്ട് നിവിന്റെ അടുത്ത് പറഞ്ഞു. അതുക്കും മേലെയാണ് നിവിൻ എനിക്ക് തിരിച്ചു തന്നിട്ടുള്ളത്,’ഡിജോ പറയുന്നു.
Content Highlight: Dijo Jose Antony Talk About Nivin Pauly’s Mannerism’s