| Monday, 29th April 2024, 2:11 pm

ഈ ചിത്രം കണ്ട് ഒരു മലയാളിക്കും തിയേറ്ററിൽ നിന്ന് തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് എനിക്ക് ഉറപ്പാണ്: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ഡിജോ ജോസ് ആന്റണി.

രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെ വലിയ ശ്രദ്ധ നേടിയ ഡിജോ അടുത്തതായി ഒരുക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

ആദ്യ രണ്ട് പടങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായാണ് മൂന്നാമത്തെ സിനിമ ഒരുങ്ങുന്നത്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനൊപ്പം തുടർച്ചയായി ഡിജോ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയാളി ഫ്രം ഇന്ത്യക്കുണ്ട്.

എന്നാൽ ഷാരിസിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത കഥയാണ് ചിത്രത്തിന്റെതെന്നും തന്റെ സിനിമകളിൽ ഏറ്റവും നന്നായി ചെയ്ത പടമാണിതെന്നും ഡിജോ പറയുന്നു. മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് പ്രേക്ഷകർക്ക് തലകുനിക്കാതെ ഇറങ്ങാമെന്നും ഡിജോ തന്റെ ചിത്രത്തെ കുറിച്ച് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഡിജോ.

‘ഷാരിസിന്റെ കയ്യിൽ നിന്ന് പ്രതീക്ഷിച്ച ഒരു സിനിമയല്ലിത്. എനിക്ക് തരാൻ വെച്ചിരുന്ന സ്ക്രിപ്റ്റ്അല്ലായിരുന്നു മലയാളി ഫ്രം ഇന്ത്യ. വേറെയെന്തോ പ്ലാൻ ആയിരുന്നു അവന്. സംവിധായകനേ ഞാൻ അല്ലായിരുന്നു.

അവൻ എന്തോ ഒരു ആവശ്യത്തിന് വേണ്ടി എന്റെ അടുത്ത് വന്നപ്പോൾ എന്നോട് ഈ കഥയെ കുറിച്ച് പറഞ്ഞു. ആ സമയത്ത് നിവിൻ ജനഗണമന കണ്ടതിനെ കുറിച്ചെല്ലാം എന്നോട് സംസാരിക്കുകയാണ്. നിവിനും ചിലപ്പോൾ ഞങ്ങളുടെ അടുത്ത് നിന്ന് വേറെയൊരു സിനിമയാവും പ്രതീക്ഷിച്ചിട്ടുണ്ടാവുക.

പക്ഷെ എനിക്ക് മനസിൽ തോന്നിയത് ഇത് നിവിൻ തന്നെ ചെയ്യണമെന്നായിരുന്നു. ഇത് നിവിൻ പോളി ചെയ്താലേ നന്നാവൂ എന്ന് ഞങ്ങൾക്ക് തോന്നി. നല്ല ഫ്രഷ് ഫീൽ എന്നൊക്കെ പറയില്ലേ. അതായിരുന്നു ഇവന്റെ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയത്.

എനിക്ക് തോന്നുന്നത് അവൻ എഴുതിയ സിനിമകളിൽ വെച്ച് ഏറ്റവും നല്ല സ്ക്രിപ്റ്റ് ഇതായിരിക്കും. പൂർണമായ വിശ്വാസമുണ്ട്. എന്തായാലും സിനിമ വരട്ടെ. ഞാൻ ചെയ്ത സിനിമകളിലും എനിക്ക് മനസ് കൊണ്ട് ഏറ്റവും അടുപ്പമുള്ള ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

ഒന്നും ഉണ്ടായിട്ടല്ല. ബേസിക്കലി നമ്മുടെ ഒരു കഥയാണ്. നിങ്ങൾക്ക് ചിലപ്പോൾ സിനിമ ഇഷ്ടപ്പെടില്ലായിരിക്കും, ചിലപ്പോൾ ഇഷ്ടപ്പെടുമായിരിക്കും പക്ഷെ എനിക്ക് ഒരു കാര്യം ഉറപ്പ് പറയാൻ പറ്റും ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ല. അതുറപ്പായിട്ടും മലയാളി ഫ്രം ഇന്ത്യയെ കുറിച്ച് എനിക്ക് പറയാൻ സാധിക്കും,’ഡിജോ ജോസ് ആന്റണി പറയുന്നു.

Content Highlight: Dijo Jose Antony Talk About Hope’s Malayali From India Movie

We use cookies to give you the best possible experience. Learn more