| Thursday, 2nd May 2024, 7:02 pm

എനിക്ക് സിനിമയിലൂടെ മെസേജ് കൊടുക്കണമെന്നില്ല; അങ്ങനെ ചെയ്യാന്‍ ഞാന്‍ ആരുമല്ല: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പോലും താന്‍ മലയാളി ഫ്രം ഇന്ത്യ പോലെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് പറയുകയാണ് ഡിജോ ജോസ് ആന്റണി. തന്നെ പലരും വിളിച്ച് സോഷ്യല്‍ മെസേജ് ബേസ്ഡായ ഒരു കഥയുണ്ട് എന്നാണ് പറയാറുള്ളതെന്നും ഡിജോ പറയുന്നു.

മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. എന്നാല്‍ തനിക്ക് സിനിമയിലൂടെ ഒരു എനര്‍ജി കൊടുക്കണമെന്നേ ആഗ്രഹമുള്ളൂവെന്ന് ഡിജോ തുറന്ന് പറയുന്നു.

‘ഇപ്പോള്‍ ഞങ്ങള്‍ ആല്‍പറമ്പില്‍ ഗോപിയുടെ ലോകത്താണ്. ജനഗണമനയുടെ ആ ഒരു ഫയറില്‍ നിന്നും ഞാന്‍ നേരെ ഗോപിയിലേക്കാണ് വരുന്നത്. അപ്പോള്‍ ഷാരിസ് പോലും വിചാരിച്ചില്ല, എനിക്ക് അങ്ങനെയൊരു സിനിമ വേണ്ടി വരുമെന്ന്.

അവന്‍ മാത്രമല്ല ആരും ഇത് വിചാരിക്കുന്നില്ല. എന്നെ വിളിക്കുന്ന പലരും സോഷ്യല്‍ മെസേജ് ബേസ്ഡായ ഒരു കഥയുണ്ട് എന്നാണ് പറയുന്നത്. എനിക്ക് അങ്ങനെ മെസേജ് കൊടുക്കണം എന്നൊന്നും ഇല്ല. നമ്മള്‍ക്ക് സിനിമയിലൂടെ ഒരു എനര്‍ജി കൊടുക്കണമെന്നേ ഉള്ളൂ. അല്ലാതെ മെസേജ് കൊടുക്കാന്‍ നമ്മള്‍ ആരുമല്ല.

എന്നോട് പറയാനായി ഷാരിസിന് ശരിക്കും വേറെ എന്തോ പടമായിരുന്നു പ്ലാനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മലയാളി ഫ്രം ഇന്ത്യയുടെ കഥ വെറുതെ പറഞ്ഞതും ഇത് നല്ല രസമുണ്ടല്ലോയെന്ന് ഞാന്‍ പറഞ്ഞു. ‘എടാ നീ അതിന് ഇങ്ങനെയുള്ള സിനിമയല്ലല്ലോ’ എന്നാണ് മറുപടി പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ഈ സിനിമയിലേക്ക് എത്തുന്നത്. പിന്നെയാണ് നിവിനോട് ഒരു കോണ്‍വെര്‍സേഷന്‍ തുടങ്ങുന്നത്,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.

ക്വീന്‍, ജനഗണമന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിന്‍ പോളി ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ഷാരിസിനൊപ്പം തുടര്‍ച്ചയായി ഡിജോ മൂന്നാം തവണയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


Content Highlight: Dijo Jose Antony Says He Don’t Want To Give Any Message Through A Film

We use cookies to give you the best possible experience. Learn more