ധ്യാന്‍ എന്നെ ഞെട്ടിച്ചു; അവനെ പോലെയുള്ള ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല: ഡിജോ ജോസ് ആന്റണി
Entertainment
ധ്യാന്‍ എന്നെ ഞെട്ടിച്ചു; അവനെ പോലെയുള്ള ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 6:36 pm

ധ്യാന്‍ ശ്രീനിവാസന്‍ ഒരു സിനിമക്ക് വേണ്ടി നല്‍കുന്ന എഫേര്‍ട്ട് വളരെ വലുതാണെന്ന് പറയുകയാണ് ഡിജോ ജോസ് ആന്റണി. ഏതെങ്കിലും ഒരു സിനിമയെന്ന് ഇല്ലാതെ എല്ലാ സിനിമയെയും ഒരേ ബഹുമാനത്തോടെയാണ് ധ്യാന്‍ കാണുന്നതെന്നും ഡിജോ പറയുന്നു.

അത്തരത്തില്‍ ഒരാളെ നമ്മുക്ക് കാണാന്‍ കഴിയില്ലെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. താന്‍ ധ്യാനിനെ പോലെ ഒരാളെ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുന്ന ഡിജോ താരം എല്ലാവരെയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ ആദ്യം വിളിച്ചിട്ട് ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘അളിയാ എന്നാണ്. ഡേറ്റ് പറയ്. ഞാന്‍ വരാം’ എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. അതാണ് ധ്യാനിന്റെ എക്സൈറ്റ്മെന്റ്. കഥ കേള്‍ക്കണ്ടേയെന്ന് ചോദിച്ചപ്പോള്‍ എന്നാണ് അഭിനയിക്കാന്‍ വരേണ്ടത് എന്നായിരുന്നു ചോദ്യം.

ധ്യാനിന്റെ ആ വൈബ് കണ്ട് ഞാന്‍ സര്‍പ്രൈസ് ആയിട്ടുണ്ട്. എനിക്ക് അവനുമായി പേര്‍സണല്‍ കണക്ഷന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ സുരാജേട്ടനോട് ജനഗണമനയുടെ കഥ പറയാന്‍ പോയപ്പോള്‍ ധ്യാനിനെ കണ്ടിരുന്നു. അതിന് ശേഷം ധ്യാനിനെ ഈ സിനിമയുടെ ഭാഗമായാണ് കാണുന്നത്.

നിവിനിന്റെ പടമാണ് എന്ന് പറഞ്ഞപ്പോള്‍ അളിയാ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഈ സിനിമയുടെ കഥയൊന്നും ധ്യാന്‍ കേട്ടിട്ടില്ല. പിന്നീട് ഒരു ദിവസം ‘സത്യം പറഞ്ഞാല്‍ ഞാന്‍ കഥയൊന്നും കേട്ടിട്ടില്ല’ എന്ന് ധ്യാന്‍ ഇങ്ങോട്ട് പറഞ്ഞു. അപ്പോഴാണ് ഞാനും ആ കാര്യം ഓര്‍ക്കുന്നത്.

ധ്യാന്‍ സിനിമക്ക് നല്‍കുന്ന എഫേര്‍ട്ട് വളരെ വലുതാണ്. ഏതെങ്കിലും ഒരു സിനിമയെന്നൊന്നും ഇല്ല. ധ്യാന്‍ എല്ലാ സിനിമയെയും ഒരേ റെസ്‌പെക്റ്റോടെയാണ് കാണുന്നത്. അങ്ങനെയൊരാളെ നമ്മുക്ക് കാണാന്‍ കഴിയില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ അങ്ങനെ ഒരാളെ കണ്ടിട്ടില്ല. അവന്‍ എല്ലാവരെയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നത്.

ഈ സിനിമയില്‍ ധ്യാന്‍ ഒരു സീക്വന്‍സിന് വേണ്ടി രാവിലെ മുതല്‍ രാത്രി വരെ നിന്ന് 24 മണിക്കൂറും ഷൂട്ട് ചെയ്തിട്ടുണ്ട്. അതും ഒരേ എനര്‍ജിയില്‍ ആയിരുന്നു ധ്യാന്‍ അന്ന് ഉണ്ടായിരുന്നത്. അങ്ങനെയാണ് ധ്യാന്‍ എന്നെ ഞെട്ടിക്കുന്നത്. അവന്‍ നല്ല ഒരു നടനാണ്, അതേസമയം കമ്മിറ്റഡ് ആര്‍ട്ടിസ്റ്റുമാണ്,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Says Dhyan Sreenivasan Shocked Him