| Sunday, 28th April 2024, 10:09 pm

പൃഥ്വിയുടെ ആ സിനിമ കണ്ട ശേഷം ഞാന്‍ കരയുകയായിരുന്നു: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. സിനിമ കണ്ടപ്പോള്‍ അഭിമാനം തോന്നിയോ എന്ന ചോദ്യത്തിന്, അഭിമാനം തോന്നിയില്ല, പകരം കരയുകയായിരുന്നുവെന്നാണ് ഡിജോ പറഞ്ഞത്. തന്റെ പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജോ ഇക്കാര്യം പറഞ്ഞത്.

ആടുജീവിതത്തിലെ പൃഥ്വിയുടെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഇത്രയും ഗ്രേറ്റ് ആയിട്ടുള്ള ഒരു ആക്ടറുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി തോന്നിയെന്നും ഡിജോ പറഞ്ഞു. പൃഥ്വി ഫ്‌ളൈറ്റ് യാത്രയിലായതിനാല്‍ സിനിമ കണ്ട ശേഷം താന്‍ പൃഥ്വിക്ക് വോയിസ് മെസ്സേജ് അയച്ചുവെന്നും, സുപ്രിയയെ വിളിച്ച് സംസാരിച്ചുവെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.

‘ആടുജീവിതം കണ്ടപ്പോള്‍ അഭിമാനമല്ല തോന്നിയത്, ഞാന്‍ കരയുകയായിരുന്നു. ഒരുപാട് കരഞ്ഞു, അതിന് ശേഷം ഞാന്‍ പൃഥ്വിക്ക് വോയിസ് മെസേജ് അയച്ചു. പൃഥ്വി ആ സമയത്ത് ഫ്‌ളൈറ്റിലായിരുന്നു. സുപ്രിയയെയും വിളിച്ച് സംസാരിച്ചു. ആ സിനിമക്ക് വേണ്ടി പൃഥ്വി എടുത്ത എഫര്‍ട്ടും, ബ്ലെസി സാറിന്റെ കഷ്ടപ്പാടുമെല്ലാം ആ സിനിമയില്‍ കണ്ടപ്പോള്‍ അഭിമാനമാണോ സങ്കടമാണോ തോന്നിയതെന്ന് എനിക്കറിയില്ല. ഞാന്‍ ലോസ്റ്റായിരുന്നു ആ സമയത്ത്.

സിനിമ മുഴുവന്‍ കണ്ടപ്പോള്‍ തകര്‍ന്നുപോയി. അഭിമാനവും മറ്റ് വികാരങ്ങളും എല്ലാം മിക്‌സ് ആയിട്ടുള്ള ഫീലായിരുന്നു എനിക്ക്. ജന ഗണ മനയില്‍ പൃഥ്വിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതിനെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അത്രയും ഗ്രേറ്റ് ആയിട്ടുള്ള നടനാണ് പൃഥ്വിയെന്ന് ആടുജീവിതം കണ്ടപ്പോള്‍ മനസിലായി,’ ഡിജോ പറഞ്ഞു.

Content Highlight: Dijo Jose Antony saying that he cries after watching Aadujeevitham

Latest Stories

We use cookies to give you the best possible experience. Learn more