| Tuesday, 26th April 2022, 1:43 pm

അവന്‍ രണ്ടായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിട്ട് ഒരാഴ്ചയായി, നീയൊന്ന് പറയ് എന്ന് ലിസ്റ്റിന്‍ പറയും: ഡിജോ, അവന്‍ അങ്ങനെയൊക്കെ പറയും നീ സമയമെടുത്തോ, എന്ന് ഞാനും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ശാരി എന്നിവരെ അണിനിരത്തി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന. ഏപ്രില്‍ 28ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ പൃഥ്വിരാജും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും.

നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് എങ്ങനെയായിരുന്നു എന്നാണ് ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നത്.

പൃഥ്വിരാജ് സിനിമ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന എല്ലാ സ്വാതന്ത്ര്യവും തരാറുണ്ടോ, പൃഥ്വിരാജ് എന്ന നിര്‍മാതാവ് എങ്ങനെയാണ് എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകന്‍.

”പൃഥ്വിരാജ് എന്ന പ്രൊഡ്യൂസറും ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന പ്രൊഡ്യൂസറും നേരത്തെ രാജു പറഞ്ഞ പോലെ ഗുഡ് കോപ് ബാഡ് കോപ് ആണ്.

ലിസ്റ്റിന് ഭയങ്കര തിരക്കാണ്. തീര്‍ക്ക്, തീര്‍ക്ക് എന്ന് പറയും. പല ഡിസ്‌കഷനുമാണ്.

പക്ഷെ, ഡിജോ, സിനിമ പ്രോപ്പറായി ചെയ്യ് ഡിജോയുടെ സിനിമയാണ് എന്നൊക്കെ രാജു പറയും. കുറേ സീക്വന്‍സില്‍ രാജു ഇല്ലെങ്കിലും ഇന്‍ ടച്ച് ആയിരിക്കും.

ഡിജോ നോക്കിക്കൊള്ളണം. ലിസ്റ്റിന്‍ അങ്ങനെ പലതും പറയും. പക്ഷെ, ഡിജോ നന്നായി എടുക്കുക, ടേക് യുവര്‍ ടൈം, എന്നൊക്കെ പറയും,” ഡിജോ ജോസ് ആന്റണി പറഞ്ഞു.

ഷൂട്ടിങ്ങ് സമയത്തെ ലിസ്റ്റിന്‍ സ്റ്റീഫനെക്കുറിച്ച് പൃഥ്വിരാജും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”ലിസ്റ്റിന്‍ എന്നെ വിളിക്കും, രാജൂ, അവന്‍ 2000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ വിളിച്ചിട്ട് ഒരാഴ്ചയായി, ഞാന്‍ പറഞ്ഞിട്ട് അവന്‍ കേള്‍ക്കുന്നില്ല, നിങ്ങളൊന്ന് വിളിച്ച് സംസാരിക്ക്, എന്ന് പറയും.

ആഹാ, ഒരാഴ്ചയോ, ഇത് ശരിയല്ലല്ലോ, ലിസ്റ്റിന്‍ ഒന്നുകൊണ്ടും പേടിക്കണ്ട ഞാന്‍ ഡിജോയോട് പറയാം, എന്ന് ഞാന്‍ ലിസ്റ്റിനെ സമാധാനിപ്പിക്കും.

എന്നിട്ട് ഞാന്‍ ഡിജോയെ വിളിക്കും, ഡിജോ, ലിസ്റ്റിന്‍ അങ്ങനെ പലതും പറയും നീ മര്യാദക്ക് എടുത്തോ, എന്ന് പറയും,” പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജേക്സ് ബിജോയ്.

Content Highlight: Dijo Jose Antony and Prithviraj about producer Listin Stephen of Jana Gana Mana movie

We use cookies to give you the best possible experience. Learn more