അടുത്ത കാലത്ത് കേരളത്തിന് പുറത്തും ആഘോഷിക്കപ്പെട്ട ചിത്രമാണ് പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജന ഗണ മന. ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്. ചിത്രത്തെ മികച്ചതാക്കി മാറ്റിയ പ്രധാനഘടകങ്ങളായിരുന്നു അതിലെ പാട്ടുകളും സിനിമാറ്റോഗ്രഫിയും. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി ചെയ്തത് സുദീപാണ്.
ഇരുവരുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡിജോ ജോസ് ആന്റണി.
‘ജേക്‌സും ഞാനും ഭയങ്കര ക്ലോസാണ്. എനിക്ക് ജേക്‌സ് എ.ആര്‍. റഹ്മാനാണ്. പുള്ളിയെ എനിക്ക് മാക്‌സിമം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റും. എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ പുള്ളി ഇരിക്കും. ചിലപ്പോള്‍ ഞാന്‍ പച്ചക്ക് പറയും, ഇത് കൊള്ളില്ല ബ്രോ എന്ന്. പോടാ അവിടുന്നെന്ന് പുള്ളി ചീത്ത പറയും. പിന്നെ ഉറപ്പാണോടാ എന്നാല്‍ ശരിയെടാ എന്ന് പറയും.
ഞങ്ങള്‍ തമ്മില്‍ ഭയങ്കര സിങ്കാണ്. സിങ്ക് നല്ല ഗുണമാണ്. ഞാന്‍ എല്ലാ ഡിപ്പാര്‍ട്‌മെന്റിലും അടിയാണ്. ജേക്‌സുമായി അടിച്ചടിച്ച് നിക്കും. ആ സീന്‍ അങ്ങനെ വേണം ബ്രോ എന്നൊക്കെ പറയുമ്പോള്‍ എടാ ഇത് പൊളിയല്ലേ എന്ന് ജേക്‌സ് ചോദിക്കും. ചില സാധനങ്ങള്‍ ജേക്‌സ് ഞെട്ടിച്ച് പണ്ടാരമടക്കി കളയും. ചിലത് കേള്‍ക്കുമ്പോള്‍ മോനേ പൊളിച്ച് എന്ന് പറയും. ഞങ്ങള്‍ തമ്മില്‍ ഒരു ബ്രദര്‍ റിലേഷനാണ്,’ ഡിജോ പറഞ്ഞു.
‘സിനിമാറ്റോഗ്രഫര്‍ സുദീപുമായി അളിയാ അളിയാ ബന്ധമാണ്. എനിക്ക് തോന്നുന്നത് ഞാന്‍ കഴിഞ്ഞാല്‍ ഈ സിനിമക്ക് വേണ്ടി വേറെ ഒരു സിനിമയും കമ്മിറ്റ് ചെയ്യാതിരുന്ന ആള്‍ സുദീപാണ്. അവനൊരു സിനിമാറ്റോഗ്രാഫറാണ്. വേറെ എത്ര സിനിമ വേണമെങ്കിലും ചെയ്യാം. കാരണം ഈ സിനിമയില്‍ ഷെഡ്യൂള്‍ ബ്രേക്ക് ആവുന്നുണ്ട്.
പക്ഷേ അവന്‍ വേറെ ഒരു സിനിമയും ചെയ്തില്ല. എന്റെ കൂടെ നിന്നതിന് അവനെ സമ്മതിക്കണം. ഞാനോ പെട്ടു, നീ പൊയ്‌ക്കോ എന്ന് ചില സിറ്റുവേഷനില്‍ പറയും. ഞങ്ങടെ ജീവിതം മുഴുവന്‍ കൊണ്ട് കുളം തോണ്ടി എന്ന് അവന്‍ തമാശയായി പറയും. ഞങ്ങള്‍ തമ്മില്‍ ഭയങ്കര ക്ലോസാണ്,’ ഡിജോ കൂട്ടിച്ചേര്‍ത്തു.
Content Highlight: Dijo Jose Anthony talks about his friendship with jakes bejoy