ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ജന ഗണ മന എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ചിത്രത്തിലെ കോടതി രംഗങ്ങളായിരുന്നു. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ ചിത്രത്തിലെ കോടതി രംഗങ്ങള്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ ഈ രംഗങ്ങള്‍ക്കെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു. കോടതി രംഗങ്ങളില്‍ ലോജിക് ഇല്ലെന്ന വാദമാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ രംഗങ്ങള്‍ കണ്ടിട്ട് അഭിഭാഷകരൊന്നും തന്നെ വിളിച്ച് വിമര്‍ശിച്ചില്ലെന്ന് പറയുകയാണ് ഡിജോ ജോസ് ആന്റണി. താന്‍ മനപ്പൂര്‍വം കോടതി രംഗങ്ങള്‍ അത്തരത്തില്‍ ചിത്രീകരിച്ചതാണെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡിജോ പറഞ്ഞു.
‘കോടതി രംഗങ്ങള്‍ ഇങ്ങനെയല്ലല്ലോ വേണ്ടതെന്ന് എന്നോട് ഒരു വക്കീലും പറഞ്ഞിട്ടില്ല. ക്വീന്‍ ആളൂര്‍ വക്കീല്‍ കണ്ടിരുന്നു. പുള്ളി സിനിമ കണ്ടിട്ട് ആ അടിപൊളി എന്നൊക്കെ പറഞ്ഞു. ഞാന്‍ എല്ലാ കോര്‍ട്ട് ഡ്രാമകളും കാണുന്നതാണ്. ഇംഗ്ലീഷ് മൂവികളും, മേല്‍വിലാസവും, പിങ്ക്, ജോളി എല്‍.എല്‍.ബിയുമെല്ലാം കണ്ടിട്ടുണ്ട്. എന്റെ പാറ്റേണ്‍ അതാണ്. എനിക്ക് അത് ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഇത് റിയലിസ്റ്റിക് അല്ല. സെമി റിയലിസ്റ്റിക് എന്ന് വേണമെങ്കില്‍ പറയാം. അത് ഞാന്‍ മനപ്പൂര്‍വം ആക്കിയതാണ്.
പ്രത്യേകിച്ച് ഇതൊരു പ്രീച്ചീ സീനാണ്. ഒരു മൊണോട്ടോണസ് പരിപാടിയാണ്. ഒരാള്‍ ഇരുന്ന് ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോര്‍ട്ടില്‍ നടന്നത് റേഡിയോ പരിപാടി പോലെയൊരു സാധനമാണ്. ഇതൊരു പഞ്ച് പരിപാടി കൂടിയാണല്ലോ. ഒരാള്‍ ഇങ്ങനെ പ്രീച്ചി ആയിട്ട് പറയുമ്പോള്‍ അത് സിനിമാറ്റിക് ആയിരിക്കണം. അതിന്റെ ഭാഷ ഇതാണ്. അതിന്റെ സ്‌പേസ് ഇതാണ്. അത് മനപ്പൂര്‍വം അങ്ങനെയാക്കിയതാണ്. എന്നാലേ അതിന്റെ പള്‍സ് അറിയൂ. സിനിമ കാണുമ്പോള്‍ അത് തോന്നണം. അത് കിട്ടണമെങ്കില്‍ അങ്ങനെ ചെയ്തുകൊടുക്കണം,’ ഡിജോ പറഞ്ഞു.
Content Highlight: Dijo Jose Anthony says that no lawyer criticized him after seeing the court scene in jana gana mana