ന്യൂദല്‍ഹി: എന്തൊക്കെ സമ്മര്‍ദങ്ങളുണ്ടായാലും കമല്‍നാഥ് ബി.ജെ.പിയില്‍ ചേരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുല്‍ കമല്‍നാഥും ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെയാണ് പ്രതികരണവുമായി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്.
കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദമുണ്ടായാല്‍ പോലും കമൽനാഥ് ബി.ജെ.പിയില്‍ ചേരില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ മറ്റെല്ലാവരേയും പോലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദമുണ്ടായാലും കമൽനാഥ് ബി.ജെ.പിയില്‍ ചേരില്ല. അദ്ദേഹം ഒരിക്കലും സമ്മര്‍ദത്തിന് വഴങ്ങുന്ന ആളല്ല. കോണ്‍ഗ്രസുമായും ഗാന്ധി കുടുംബവുമായുള്ള കമല്‍നാഥിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം കൂറുമാറുന്നത് അസാധ്യമാണ്’,ദിഗ്‌വിജയ് സിങ് പറഞ്ഞു.
മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നടത്താനിരുന്ന എല്ലാ പൊതുയോഗങ്ങളും റദ്ദാക്കി കമല്‍നാഥ് ശനിയാഴ്ച ദല്‍ഹിയിലെത്തിയത് മുതല്‍ അദ്ദേഹം ബി.ജെ.പിയിലേക്കെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ദല്‍ഹിയിലെത്തിയിട്ടും കമൽനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് തന്റെ എക്‌സ് അക്കൗണ്ടിലെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് നീക്കം ചെയ്തതും വാര്‍ത്തകളുടെ മേലുള്ള സംശയം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കി.
എന്നാല്‍ വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കമല്‍നാഥ് ഇതുവരെ തയാറായിട്ടില്ല. ബി.ജെ.പിയില്‍ ചേരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോള്‍ ഒരു പക്ഷത്തിന്റെയും പേര് പറയുന്നില്ലെന്നും അങ്ങനെ വല്ലതും സംഭവിച്ചാല്‍ ആദ്യം അറിയുക്കുന്നത് നിങ്ങളെയായിരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.
കമല്‍നാഥ് വാര്‍ത്തകള്‍ നിഷേധിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂറുമാറുന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയായിട്ടുണ്ട്. മുന്‍ എം.എല്‍.എ ദിനേഷ് അഹിര്‍വാറും വിദിഷയില്‍ നിന്നുള്ള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാകേഷ് കടാരെയുമുള്‍പ്പടെ നിരവധി നേതാക്കളാണ് ഈ മാസം ആദ്യം ബി.ജെ.പിയിലേക്ക് പോയത്.
Contant Highlight: Digvijaya Singh said Kamal Nath will not will compelled to join bjp