മധ്യപ്രദേശില്‍ ഡി.സി.സി ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി ദിഗ്‌വിജയ സിങ്
D' Election 2019
മധ്യപ്രദേശില്‍ ഡി.സി.സി ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി ദിഗ്‌വിജയ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 11:27 pm

ഭോപാല്‍: മധ്യപ്രദേശില്‍ ഡി.സി.സി ഭൂമി സമീപത്തുള്ള രാമക്ഷേത്രത്തിന് വിട്ടു നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. രാമനവമി പൂജയില്‍ പങ്കെടുത്ത ശേഷമാണ് ദ്വിഗ്‌വിജയ സിങ്ങിന്റെ പ്രഖ്യാപനം.

‘ എന്റെ സമയത്ത് (മുഖ്യമന്ത്രിയായിരിക്കെ) ഈ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടു നല്‍കിയതായിരുന്നു. അമ്പലത്തിന് മുന്‍വശത്തായി ഡി.സി.സി ഓഫീസ് നിര്‍മ്മിക്കുന്നതിനും ഭൂമി വിട്ടു നല്‍കി. രാമക്ഷേത്രം കോംപൗണ്ട് വികസിച്ച് വരുന്നതിനാല്‍ ഈ ഭൂമിയും രാമക്ഷേത്ര ട്രസ്റ്റിന് വിട്ടു നല്‍കും.’ ദിഗ്‌വിജയ സിങ്. പറഞ്ഞു.

അതേസമയം ക്ഷേത്രത്തിന് ഭൂമി വിട്ട് നല്‍കിയ കോണ്‍ഗ്രസിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കോണ്‍ഗ്രസ് ക്ഷേത്ര ഭൂമി കയ്യേറിയതാണെന്നും അവകാശപ്പെട്ടു കൊണ്ട് ബി.ജെ.പി രംഗത്തെത്തി.

ഭോപാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ആര്‍.എസ്.എസിനോടടക്കം മൃദു നിലപാടാണ് ദിഗ്‌വിജയ സിങ്. സ്വീകരിച്ചിരുന്നത്. 30 വര്‍ഷമായി ബി.ജെ.പിയാണ് ഭോപാലിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. നേരത്തെ കമല്‍നാഥ് സര്‍ക്കാര്‍ ആര്‍.എസ്.എസ് കാര്യലയത്തിനുള്ള സുരക്ഷ പിന്‍വലിച്ചപ്പോള്‍ തീരുമാനം പിന്‍വലിക്കണമെന്ന് ദിഗ്‌വിജയ സിങ്. ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പരീക്ഷിച്ചിരുന്നു.

അതേസമയം ദിഗ്‌വിജയ സിങ്ങിന്റെ പരാമര്‍ശം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്.