ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1,11,111 ലക്ഷം രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. സംഭാവന നൽകിയതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദിഗ് വിജയ് സിംഗ് കത്തും അയച്ചു.
വിശ്വ ഹിന്ദു പരിഷത്തിനോട് ഇതുവരെ ക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു.അക്കൗണ്ട് വിവരങ്ങള്‍ പൊതുവായി ലഭ്യമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് താന്‍ സംഭാവന നല്‍കിയതെന്നും എന്നാല്‍ ഏത് അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്ന് തനിക്കറിയില്ല.
തന്റെ ഓരോ കോശത്തിലും രാമനുണ്ടെന്നും എന്നാല്‍ ഒരിക്കലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിയോജിപ്പിച്ചിട്ടില്ലെന്നും മതത്തെ വിറ്റിട്ടില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിനായി ഒരിക്കിലും ശ്രീരാമനെ ഉപയോഗിക്കില്ല.
ദേശീയതയുമായി രാമനെ ഒരിക്കലും ബന്ധിപ്പിക്കില്ല. മതം എന്നത് വ്യക്തിയും ദൈവത്തിനുമിടയില്‍ നടക്കുന്ന കാര്യമാണെന്നും ദിഗ് വിജയ് സിംഗ് കത്തില്‍ പറഞ്ഞു.
ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ വര്‍ഗീയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കത്തിൽ ദിഗ് വിജയ് സിംഗ് പറഞ്ഞു.
ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്നും ഈ സാഹചര്യത്തിൽ സംഭാവന സ്വീകരിക്കുന്നത് സൗഹാര്‍ദ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ് എന്നാണ് അദ്ദേഹം കത്തിൽ പറഞ്ഞത്.