ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിങ്. ബി.ജെ.പി നേതാവ് ഇമാര്‍തി ദേവിക്കെതിരെയാണ് കമല്‍നാഥ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
കമല്‍നാഥ് അത്തരമൊരു പരാമര്‍ശം നടത്തിയതിന്റെ സന്ദര്‍ഭം എന്താണെന്ന് വ്യക്തമല്ല എന്നാണ് ദിഗ്‌വിജയ്‌സിങ് പറഞ്ഞത്. എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കമല്‍നാഥ് ജി അത്തരമൊരു പരാമര്‍ശം നടത്തിയതിന്റെ സന്ദര്‍ഭം എന്താണെന്ന് എനിക്ക് വ്യക്തമല്ല. പക്ഷെ അതില്‍ ബി.ജെ.പി ഇങ്ങനൊരു നാടകം കളിക്കുന്നതിന്റെ ആവശ്യമെന്താണെന്ന് മാത്രം മനസിലാകുന്നില്ല,’ സിങ് പറഞ്ഞു.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ എതിര്‍ക്കാത്ത സിംഗ് ഹാത്രാസ് കേസില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല എന്നാണ് ചോദിച്ചത്.
ദാബ്രയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. പ്രദേശത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഇമാര്‍തി ദേവിയെയാണ് അദ്ദേഹം ‘ഐറ്റം’ എന്ന് സംബോധന ചെയ്തത്.
ഞാനെന്തിന് അവരുടെ പേര് പറയണം? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരെ നന്നായി അറിയാമല്ലോ. എന്തൊരു ഐറ്റമാണ് അത്’- എന്നായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.
പ്രസ്താവന വിവാദമായതോടെ നിരവധി പേര്‍ കമല്‍നാഥിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് കമല്‍നാഥില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്.
‘ഒരു ദരിദ്ര കര്‍ഷകന്റെ മകളാണ് ഇമാര്‍തി ദേവി. അവിടെ നിന്നും ജനസേവനത്തിനായി ജീവിതം മാറ്റിവെച്ചു അവര്‍. ഒരു സ്ത്രീയെ ‘ഐറ്റം’ എന്നോക്കെ വിളിച്ച് ഉള്ളിലെ ഫ്യൂഡല്‍ മനോഭാവം വീണ്ടും തെളിയിക്കുകയാണ് കോണ്‍ഗ്രസ്. ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച 10 മണിമുതല്‍ 1 മണിവരെ നിശബ്ദ പ്രതിഷേധം നടത്തും- ചൗഹാന്‍ പറഞ്ഞു.
കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവരാജ് സിങ് ചൗഹാന്‍ രണ്ട് മണിക്കൂര്‍ മൗന പ്രതിഷേധം നടത്തിയിരുന്നു. ഇതിനെയും ദിഗ്‌വിജയ്‌സിങ് പരിഹസിച്ചു.
ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണോ ഇത്തരം പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തുന്നതെന്ന് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഇമാര്‍തി ദേവി ചോദിച്ചു. സ്ത്രീകള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ പിന്നെങ്ങനെ അവര്‍ പൊതുധാരയിലേക്ക് ഇറങ്ങുമെന്നും ദേവി ചോദിച്ചു.
വിവാദ പരാമര്‍ശത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. ദളിത് വിഭാഗത്തെയും സ്ത്രീകളെയും അപമാനിച്ചുവെന്ന് കാട്ടിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശില്‍ നവംബര്‍ 3 നാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബര്‍ 10നാണ് ഫലപ്രഖ്യാപനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Digvijaya Singh deflected questions about Kamal Nath’s remark against BJP leader Imarti Devi