| Tuesday, 10th April 2018, 11:05 am

കോര്‍പറേറ്റ്-ഭരണകൂട അനുകൂല മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ച ദിഗ് വിജയ് സിങ്ങിന്റെ 'ദണ്ഡിയാത്ര'

വി.പി റജീന

നാടിനെ രക്ഷിക്കാന്‍ എന്ന പേരില്‍, ഏത് ഈര്‍ക്കിലി പാര്‍ട്ടിയുടെ ഡ്യൂക്കിലി നേതാക്കളും (പോളിഷ്ഡ് തലവാചകങ്ങളും കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും വെച്ച് ലക്ഷ്വറി വാഹനങ്ങളില്‍) നടത്തുന്ന യാത്രക്ക് ബഹുകോളം വാര്‍ത്താ തലക്കെട്ടുകളും സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകളും കൊഴുക്കുന്ന കാലത്താണ് ഇന്ത്യമഹാരാജ്യത്ത് കഴിഞ്ഞ ആറു മാസമായി ഒരു രാഷ്ട്രീയ നേതാവ് നടത്തിവരുന്ന യാത്ര അധികമാരും അറിയാതെ പോയത്. ഒരുപക്ഷെ, സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഗാന്ധിജിയുടെ കാല്‍നടയാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ നടത്തുന്ന ആദ്യ യാത്രയായിരിക്കും ഇത്.

ആള്‍ക്കൂട്ടത്തെ കാണിക്കാന്‍ ആ യാത്രയുടെ മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ട നിരകള്‍ ഉണ്ടായിരുന്നില്ല. ചെവി പൊട്ടുമാറ് പ്രഘോഷണങ്ങളും ഉണ്ടായിരുന്നില്ല. നിരത്തുകളില്‍ കുരുക്കുകള്‍ സൃഷ്ടിച്ച് ആരെക്കൊണ്ടും പ്രാകിച്ചില്ല. വികസനത്തില്‍ ഊറ്റം കൊള്ളുന്ന നഗരത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ ആയിരുന്നില്ല ആ “ദണ്ഡി” യാത്ര. മറിച്ച്, വികസന കുതിപ്പില്‍ ഒഴുക്ക് നിലച്ച് പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാനദിയുടെ തീരത്തുകൂടെയായിരുന്നു.


Also Read: ബലാത്സംഗ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണം; യു.പിയില്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍


ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നദികളിലൊന്നായ നര്‍മദയുടെ തീരത്തുകൂടെ കാല്‍നടയായി 3,300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചത് മറ്റാരുമല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങാണ്.

70കാരനായ ദിഗ്‌വിജയ് സിങ്ങും അദ്ദേഹത്തിന്റ ഭാര്യ അമൃതയും അടക്കമുള്ള സംഘം ഒരു ദിവസം പത്തും പന്ത്രണ്ടും കിലോമീറ്റര്‍ ദൂരമാണ് നടന്നു താണ്ടിയത്.

ആ യാത്ര നര്‍മദയുടെ തീരത്തുള്ള ഗ്രാമങ്ങളിലൂടെയും നഗരപ്രദേശങ്ങളിലൂടെയും കടന്നുപോയി. ചളിയിലും മാലിന്യത്തിലും വെള്ളത്തിലും അവര്‍ ചവിട്ടി . കത്തുന്ന വെയിലും കൊടിയ ചൂടും അവഗണിച്ചു. പലയിടങ്ങളിലും അദ്ദേഹത്തെ കാണാന്‍ ഗ്രാമീണര്‍ തടിച്ചുകൂടി. കുറെപേര്‍ അദ്ദേഹത്തിനൊപ്പം കാല്‍നടയായി കൂടി. ഒരു നേതാവിനെ കണ്ടു കിട്ടിയ മാത്രയില്‍ ഇതുവരെ ആരോടും പറയാന്‍ കഴിയാതിരുന്ന പരാതികളുടെ ഭാണ്ഡങ്ങള്‍ അവര്‍ അഴിച്ചു.

നര്‍മദയില്‍ നടക്കുന്ന വന്‍ കയ്യേറ്റങ്ങളെക്കുറിച്ചും മണലൂറ്റു സംഘത്തെക്കുറിച്ചും കോര്‍പറേറ്റ് ചൂഷകരുടെ നടുക്കുന്ന കൊള്ളകളെകുറിച്ചും പറഞ്ഞു. അതിനുള്ള തെളിവായി പല രേഖകളും കൈമാറി. അതില്‍ കൂടുതലും വികസനത്തിന്റെ ഇരകളാക്കപ്പെട്ട, ഭരണകൂടം അവഗണിച്ച നര്‍മദാ തടത്തിലെ കര്‍ഷകരും ഗ്രാമീണരുമായിരുന്നു. പലയിടങ്ങളിലും മാലിന്യം പേറി ഒഴുക്ക് തടസ്സപ്പെട്ട നര്‍മദയുടെ ദയനീയ മുഖം ആ സംഘം നേരിട്ടു കണ്ടു. ഒരു കാലത്ത് കാര്‍ഷിക ഇന്ത്യയുടെ നാഡീ ഞരമ്പുകള്‍ ആയിരുന്ന നദികളുടെ യഥാര്‍ത്ഥ അവസ്ഥ അനുഭവിച്ചറിഞ്ഞു.

Image may contain: 2 people, people smiling, people standing and outdoor

പക്ഷെ, ബഹു ഭൂരിപക്ഷം വരുന്ന കോര്‍പറേറ്റ്-ഭരണകൂട അനുകൂല മാധ്യമങ്ങള്‍ അത് അവഗണിച്ചു. ഇത്തരമൊരു യാത്ര നടത്തിയത് ഏതെങ്കിലും ഒരു ബി.ജെ.പി നേതാവായിരുന്നുവെങ്കില്‍ (അവരത് നടത്തില്ലെന്നത് കട്ടായം) അതിനെ പിന്തുടര്‍ന്ന് ഓരോ പോയന്റും ഒപ്പിയെടുക്കാനും ഇല്ലാവാണങ്ങള്‍ അടക്കം അടിച്ചുവിടാനും റിപ്പോര്‍ട്ടര്‍മാരും ഗോസാമിമാരും ക്യൂ നിന്നേനേ! ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാംതൂണ്‍ എത്രമേല്‍ കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ യാത്രയുടെ നേര്‍ക്കുളള അവഗണന.


Must Read: വരാപ്പുഴ ഹര്‍ത്താല്‍: യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; മര്‍ദ്ദനം പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി


ഈ വര്‍ഷം നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞടുപ്പ് മുന്നില്‍കണ്ട്, രാഷ്ട്രീയ ലാഭം ലാക്കാക്കിയാണ് ദിഗ് വിജയ് സിങ്ങിന്റെ യാത്ര എന്ന് പറഞ്ഞാല്‍ പോലും ഈ പ്രായത്തിലും ഒരു നദിയെ ചുറ്റി, അതും കാല്‍നടയായി സഞ്ചരിക്കാന്‍ തീരുമാനിച്ച സിങ്ങില്‍ കാലംതിരയുന്ന (ആവശ്യപ്പെടുന്ന ) ഒരു രാഷ്ട്രീയ നേതാവിനെ കാണാനാവുന്നുണ്ട്.

അല്ലെങ്കിലും ദിഗ്‌വിജയ് സിങ്ങ് പണ്ടും അങ്ങനെയായിരുന്നുവല്ലോ. പല കോണ്‍ഗ്രസ് നേതാക്കളും കോര്‍പറേറ്റുകളുടെ കാലു നക്കികളും ഫാഷിസത്തിന്റ കൂട്ടിക്കൊടുപ്പുകാരുമായി നിലകൊണ്ടപ്പോഴും സിങ് തന്റെ നിലപാടിലും സമീപനത്തിലും വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടിക്കകത്ത് അനഭിമതനായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസിനകത്തെ ഉപജാപക വൃന്ദങ്ങളാല്‍ പല സ്ഥാനങ്ങളില്‍ നിന്നും തെറിപ്പിക്കപ്പെട്ടു.

യു.പി.എ പ്രതിപക്ഷത്തും എന്‍.ഡി.എ ഭരണപക്ഷത്തും ആയപ്പോള്‍ അടിക്കാന്‍ എത്ര വടികിട്ടിയിട്ടും നിഷ്‌ക്രിയരായിരുന്ന പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കളേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് താനെന്ന് പലവട്ടം തെളിയിച്ച സിങ് എന്നിട്ടും അടങ്ങിയിരിക്കാന്‍ തയ്യാറായില്ല.

ബഹുഭൂരിഭാഗം വരുന്ന കോര്‍പറേറ്റ് ദല്ലാള്‍മാരായ ദേശീയ മാധ്യമങ്ങള്‍ ഒട്ടും പ്രാധാന്യം കൊടുക്കാതിരുന്ന ഈ യാത്ര ഭരണകൂടത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടി നേതാവിന്റെ വെറും ഒച്ചപ്പാട് യാത്രയായിരുന്നില്ല. മറിച്ച് ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത് നശിപ്പിക്കുന്ന ഒരു മഹാനദിയെ, സമാനമായ നദികളെ വീണ്ടെടുക്കാന്‍ വേണ്ടിയുളളതായിരുന്നു.

സ്വന്തം പാര്‍ട്ടിയുടെ ഗതകാല ചെയ്തികളുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ് അത് തിരുത്താന്‍ ഒരാളെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അതൊരുപക്ഷെ, ഈ വയോധികന്‍ ആയിരിയ്ക്കാം. അവിടെ അദ്ദേഹം ഐക്യപ്പെട്ടത് നാശോന്മുഖമാവുന്ന ഇന്ത്യന്‍ പരിസ്ഥിതിയോടാണ് . ആരും ശ്രദ്ധിക്കാനില്ലാത്ത ഇന്ത്യന്‍ അവസ്ഥകളോടാണ്. രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകരോടാണ്.

നര്‍മദ പരിക്രമണ യാത്ര ഇന്നലെ സമാപിച്ചു. യാത്രക്കൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ വന്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പറഞ്ഞത്. അത് മഹാനദിയുടെ കരയില്‍ വെച്ച് ഗ്രാമീണര്‍ കയ്യേറ്റക്കാര്‍ക്കും ജല, ഖനന മാഫിയകള്‍ക്കും എതിരായി കൈമാറിയ തെളിവുകള്‍ ആണത്രെ. ഇതത്രയും പുറത്ത് വിട്ട് ആഞ്ഞടിക്കാന്‍ ദിഗ് വിജയ് സിങ്ങിലെ നല്ല രാഷ്ട്രീയക്കാരന്‍ തയ്യാറായാല്‍ അത് മധ്യപ്രദേശിലെ എന്നല്ല ഇന്ത്യന്‍ കര്‍ഷകരുടെ, പരിസ്ഥിതി സമരങ്ങളുടെ പോരാട്ടത്തിലെ പുതിയ ഏട് ആയി മാറുമെന്നതില്‍ തര്‍ക്കമില്ല.

വി.പി റജീന

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more