| Friday, 3rd July 2020, 7:22 pm

'ഒരു കാട്ടില്‍ ഒരു കടുവ മാത്രം മതി'; കടുവാ പ്രയോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ചുട്ടമറുപടിയുമായി ദിഗ് വിജയ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വികസിപ്പിച്ചിതിന് പിന്നാലെ നേരിട്ട് പോരിന് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങും. മന്ത്രിസഭാ വികസനത്തിന് പിന്നാലെ ‘കടുവ ഇപ്പോഴും ജീവനോടെയുണ്ട്’ എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെ ഉന്നംവെച്ച് പറഞ്ഞത്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ദിഗ് വിജയ സിങ്.

‘ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ഉണ്ടാവൂ’ എന്നാണ് ദിഗ് വിജയ സിങിന്റെ മറുപടി. കടുവകളെ നിരോധിക്കാത്ത സമയത്തും താന്‍ എങ്ങനെയൊക്കെ വേട്ടയാടിയിരുന്നെന്നും സിങ് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ് സിന്ധ്യയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം.

‘കടുവയുടെ സ്വഭാവം അറിയാമല്ലോ, ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ജീവിക്കുള്ളു’, എന്നും ദിഗ് വിജയ സിങ് ട്വീറ്റ് ചെയ്തു.

ചൗഹാന്‍ മന്ത്രിസഭയില്‍ വലിയ പ്രാതിനിധ്യമാണ് സിന്ധ്യ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. മന്ത്രിസഭാ വികസനത്തിന് ശേഷം കോണ്‍ഗ്രസിന് താന്‍ നല്‍കുന്ന മറുപടി എന്ന് പറഞ്ഞായിരുന്നു സിന്ധ്യ കടുവ പ്രയോഗം നടത്തിയത്. കടുവ ഇപ്പോഴും ജീവനോടെയുണ്ട് എന്ന് കമല്‍ നാഥിനെയും ദിഗ് വിജയ സിങിനെയും ഓര്‍മ്മിപ്പിക്കട്ടെ എന്നായിരുന്നു സിന്ധ്യ പറഞ്ഞത്.

28 അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി മന്ത്രിസഭ വികസിപ്പിച്ചത്. ഇതില്‍ 12 ആളുകള്‍ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്. 24 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിന്ധ്യയും കോണ്‍ഗ്രസും നേരിട്ടുള്ള വാക്‌പോരിലേക്ക് കടന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more