ദിഗ് വിജയ് സിങ്ങിന്റെ റോഡ് ഷോയില്‍ കാവി ഷാള്‍ ധരിച്ച് പൊലീസുകാര്‍; നിര്‍ബന്ധിച്ച് ധരിപ്പിച്ചതെന്ന് വിശദീകരണം
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ റോഡ് ഷോയ്ക്ക് കാവി ഷോള്‍ ധരിച്ച് പൊലീസുകാര്‍ എത്തിയ നടപടി വിവാദത്തില്‍. ഡ്യൂട്ടിയുടെ ഭാഗമായി എത്തിയ പൊലീസുകാരാണ് കാവി ഷാള്‍ ധരിച്ചത്.
കമ്പ്യൂട്ടര്‍ ബാബയെന്ന് അറിയപ്പെടുന്ന നംദാസ് ത്യാഗിയും ദിഗ് വിജയ് സിങ്ങും ഒരുമിച്ച് നടത്തിയ റോഡ് ഷോയിലാണ് പൊലീസുകാര്‍ സിവില്‍ വേഷം ധരിച്ച് കാവി ഷോളും ചുറ്റി എത്തിയത്.
എന്തുകൊണ്ടാണ് ഇത്തരമൊരു വേഷത്തില്‍ എത്തിയതെന്ന ചോദ്യത്തിന് ഇതിന് തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
”റോഡ് ഷോയുടെ ഭാഗമായുള്ള ഡ്യൂട്ടിക്കായാണ് ഞങ്ങള്‍ എത്തിയത്. എന്നാല്‍ ഇത്തരമൊരു ഷോള്‍ ധരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു”- പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. എന്നാല്‍ ആരാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന ചോദ്യത്തിന് പൊലീസുകാര്‍ മറുപടി നല്‍യില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ദിഗ്‌വിജയ് സിങ്ങ് ഇന്നലെ പ്രത്യേക യാഗം നടത്തിയിരുന്നു. കമ്പ്യൂട്ടര്‍ ബാബയുടെയും മറ്റ് സന്യാസിമാരുടേയും നേതൃത്വത്തിലായിരുന്നു യാഗം.
നേരത്തെ ബി.ജെ.പി സര്‍ക്കാരിനൊപ്പം നിന്ന വ്യക്തിയാണ് കമ്പ്യൂട്ടര്‍ ബാബയെന്ന് അറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി. ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു ഇദ്ദേഹം.
ഗ്രാമീണ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് കംപ്യൂട്ടര്‍ ബാബ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ദിഗ്‌വിജയ് സിങ്ങിനെ പിന്തുണച്ച് മെയ് ഒമ്പതിന് നടക്കുന്ന റാലിയില്‍ 7000 സന്യാസിമാര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മല്‍സരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് കംപ്യൂട്ടര്‍ ബാബ ബി.ജെ.പിയുമായി അകന്നത്.
ഭോപ്പാല്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ്. മുന്‍ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത് മലേഗാവ് സ്ഫോടന കേസിലെ പ്രതി പ്രജ്ഞാ സിങ് താക്കൂറിനെയാണ്.