| Tuesday, 16th June 2020, 6:28 pm

ഇതാ നിങ്ങള്‍ പ്രചരിപ്പിച്ച ഒരു ഡസന്‍ വ്യാജവീഡിയോകള്‍, കേസെടുക്കുമോ?; തനിക്കെതിരെ കേസെടുത്ത സ്റ്റേഷനില്‍ തന്നെ ശിവരാജ് സിംഗിനെതിരെ പരാതിയുമായി ദിഗ് വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ്. തനിക്കെതിരെ സമാന ആരോപണം ഉന്നയിച്ച് കേസെടുത്തതിന് പിന്നാലെയാണ് ദിഗ് വിജയ് സിംഗ് പരാതിയുമായി രംഗത്തെത്തിയത്.

‘എനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത അതേ സ്റ്റേഷനില്‍ തന്നെ ഞാന്‍ പരാതി നല്‍കും’, ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. 2019 മേയ് 16 ന് രാഹുല്‍ഗാന്ധിയെക്കുറിച്ച് വ്യാജവീഡിയോ പങ്കുവെച്ച ശിവരാജ് സിംഗിന്റെ ട്വീറ്റും അദ്ദേഹം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജയും ദിഗ് വിജയ് സിംഗിന് പിന്തുണയുമായി രംഗത്തെത്തി. ചൗഹാന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ ഒരുഡസന്‍ വ്യാജ ട്വീറ്റുകളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നുവെന്ന് സലൂജ പറഞ്ഞു.

ഇതിനെതിരെ കേസെടുക്കാത്തത് ബി.ജെ.പി സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വ്യാജവീഡിയോ പങ്കുവെച്ചതിന് ദിഗ് വിജയ് സിംഗിനെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 465, 500 എന്നിവ ചുമത്തിയാണ് ദിഗ് വിജയ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.

തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ അറിയിച്ചിരുന്നു. വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഈ മുന്നറിയിപ്പ് നിലനില്‍ക്കെയായിരുന്നു ദിഗ് വിജയ സിങ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതേച്ചൊല്ലി വിവാദം ആരംഭിച്ചതോടെ അദ്ദേഹം വീഡിയോ പിന്‍വലിച്ചിരുന്നു.

എന്നാല്‍ ദിഗ് വിജയ സിങിന്റെ പ്രവൃത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more