| Friday, 30th September 2022, 12:49 pm

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ദിഗ്‌വിജയ് സിങ്; ഖാര്‍ഗെക്ക് പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ദിഗ്‌വിജയ് സിങ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. ഖാര്‍ഗെയ്ക്ക് ദിഗ് വിജയ് സിങ് പിന്തുണയറിയിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അവസാന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം താനും മത്സരിച്ചേക്കുമെന്ന സൂചനകള്‍ ദിഗ് വിജയ് നല്‍കിയിരുന്നു. ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിങ് മത്സരിക്കാനില്ലെന്ന നിലപാടിലെത്തിയത്.

മനീഷ് തിവാരിയും മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്നുള്ള സൂചനകള്‍ പങ്കുവെച്ചിരുന്നു.

അതേസമയം ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ എ.കെ. ആന്റണി ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ഖാര്‍ഗെക്ക് പിന്തുണയറിയിച്ച് നിരവധി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

രാജ്യസഭ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു. ഗെലോട്ടിനെയയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് കരുതിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നായിരുന്നു ഗെലോട്ടിന്റെ നിലപാട്. ഗെലോട്ട് സ്ഥാനമൊഴിഞ്ഞാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നും ഇത് സംസ്ഥാനത്തെ ഭരണ അട്ടിമറിക്ക് കാരണമാകുമെന്നും ഗെലോട്ട് പറഞ്ഞിരുന്നു.

ഇരു സ്ഥാനങ്ങളും ഒരുമിച്ച് വഹി്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അനുമതി തേടിയെങ്കിലും ഇത് നിഷേധിക്കുകയായിരുന്നു. ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാല്‍ തങ്ങളും രാജിവെക്കുമെന്ന ഭീഷണിയും എം.എല്‍.എമാര്‍ മുഴക്കിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമാണ് ഖാര്‍ഗെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളുമായി ഖാര്‍ഗെയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇത് ഖാര്‍ഗെയെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സഹായിക്കുമെന്നാണ് ഖാര്‍ഗെ അനുകൂലികള്‍ പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിന് വേണ്ടി ഖാര്‍ഗെ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ തിരിച്ചുപിടിക്കാനും ശക്തമായി പ്രവര്‍ത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

Content Highlight: Digvijay singh says he won’t contest  in congress presidential election as kharge was selected by the high command

Latest Stories

We use cookies to give you the best possible experience. Learn more