ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ അട്ടിമറിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. ചില വോട്ടിങ് മെഷീനുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നായിരുന്നു ദിഗ്‌വിജയ് സിങ് പ്രതികരിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അട്ടിമറിക്കാന്‍ കഴിയാത്ത ഒന്നല്ല ഇ.വി.എം എന്നും തെരഞ്ഞെടുത്ത ചില ബൂത്തുകളില്‍ ഇ.വി.എം അട്ടിമറിക്കുന്നുണ്ടെന്നായിരുന്നു ദിഗ് വിജയ് സിങ് പറഞ്ഞത്. എന്നാല്‍ ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി ശിവരാജ് സിങ്ങും ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി.
മുന്‍ മുഖ്യമന്ത്രിമാരായ കമല്‍ നാഥും ദിഗ്‌വിജയ് സിങ്ങുമാണ് യഥാര്‍ത്ഥ ഒറ്റുകാരെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ പതിവാണെന്നും ഇവര്‍ പറഞ്ഞു.
കോണ്‍ഗ്രസിനേക്കാള്‍ 11 ശതമാനം കൂടുതല്‍ വോട്ടുകള്‍ ബി.ജെ.പി നേടിയിട്ടുണ്ടെന്നും അവിശ്വസിനീയമായ നേട്ടമാണ് ഇതെന്നുമായിരുന്നു ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ബി.ജെ.പി നേതാക്കള്‍ക്കെതിരെ മോശമായി സംസാരിച്ചെന്നും ചൗഹാന്‍ ആരോപിച്ചു.
28 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 19 ലും ബി.ജെ.പിക്കായിരുന്നു വിജയം. ഇതോടെ ശക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം 126 ആയി ഉയര്‍ന്നു. 96 ആണ് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം.
11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നലെ പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള മധ്യപ്രദേശില്‍ 28 – ല്‍ 19 സീറ്റുകളില്‍ ബി.ജെ.പിയ്ക്കാണ് വിജയം. 9 സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബി.ജെ.പിക്കാണ് ജയം.
യു.പിയില്‍ ഏഴുസീറ്റുകളില്‍ 6ലും ബി.ജെ.പിയും ഒന്നില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു. ഉന്നാവോ കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന ബംഗാര്‍മോയില്‍ ബി.ജെ.പിയാണ് വിജയിച്ചത്. മണിപ്പൂരില്‍ 5 സീറ്റുകളില്‍ 4ലും ബി.ജെ.പി തന്നെ വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയിച്ചത്.
ഒഡിഷയില്‍ 2 മണ്ഡലങ്ങളില്‍ ബി.ജെ.ഡിക്കാണ് ജയം. ബാലാസോര്‍ മണ്ഡലം ബി.ജെ.പിയില്‍ നിന്ന് ബി.ജെ.ഡി തിരിച്ചുപിടിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബി.ജെ.പി ജയിച്ചു.
ജാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളില്‍ ഒന്നില്‍ കോണ്‍ഗ്രസും, മറ്റൊന്ന് ജെ.എം.എമ്മു ജയിച്ചു. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടന്ന ദുബ്ബാക്ക് മണ്ഡലത്തില്‍ ബി.ജെ.പി ജയിച്ചു. ഹരിയാനയില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയം നേടി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ വാത്മീകി നഗറില്‍ ജെ.ഡി.യു സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ വിജയിച്ചു.
ഇന്നലെ ബീഹാറിലും ഇ.വി.എം അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബീഹാറിലെ പല മണ്ഡലങ്ങളിലും ഇ.വി.എം അട്ടിമറി നടന്നിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Digvijay singh raises evm tamper in Madhyapradesh