'യു.പി സര്‍ക്കാര്‍ നീതി നല്‍കിയില്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുക്കും'; കഫീല്‍ ഖാന് ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്
national news
'യു.പി സര്‍ക്കാര്‍ നീതി നല്‍കിയില്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുക്കും'; കഫീല്‍ ഖാന് ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 8:43 am

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നു കുറ്റവിമുക്തനായ ഡോ. കഫീല്‍ ഖാന് ജോലി വാഗ്ദാനം ചെയ്ത് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍. താനും മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും പാര്‍ട്ടിയുടെ മധ്യപ്രദേശ് ഘടകത്തിനു വേണ്ടി കഫീല്‍ ഖാനു ജോലി വാഗ്ദാനം ചെയ്യുന്നതായി എം.എല്‍.എ ആരിഫ് മസൂദാണ് അറിയിച്ചത്.

കഫീലുമായി താനും ദിഗ്‌വിജയ് സിങ്ങും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നതായി ആരിഫ് പറഞ്ഞു.

യു.പി സര്‍ക്കാര്‍ അദ്ദേഹത്തിനു നീതി നല്‍കിയില്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തെപ്പോലൊരു മികച്ച ശിശുരോഗ വിദഗ്ധനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മസൂദ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഖാനിപ്പോള്‍ മധ്യപ്രദേശില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയിട്ടുണ്ട്.

2017 ഓഗസ്റ്റില്‍ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യതക്കുറവു മൂലം അറുപതോളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാറിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെയാണ് കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചത്.

എന്നാല്‍ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സംഭവവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ ആശുപത്രിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിന് ഏഴുമാസത്തോളം തടവില്‍ കഴിയേണ്ടിവരികയും ചെയ്തിരുന്നു.

സംഭവം നടക്കുന്ന സമയത്ത് എന്‍സഫലൈറ്റിസ് വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അദ്ദേഹം അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.