| Saturday, 20th January 2024, 4:56 pm

പഴയ വിഗ്രഹം എവിടെ? നിര്‍മാണം പോലും പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ എന്തിന് തിടുക്കപ്പെട്ട് പ്രതിഷ്ഠ: ദിഗ്‌വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര ചടങ്ങിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ് സിങ്. എന്തിനാണ് നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ തിടുക്കപ്പെട്ട് ഇത്തരത്തില്‍ ഒരു ചടങ്ങ് നടത്തുന്നതെന്ന് ദിഗ്‌വിജയ് സിങ് ചോദ്യമുയര്‍ത്തി.

ക്ഷേത്രത്തിലെ രാമന്റെ വിഗ്രഹം കുഞ്ഞിന്റെ രൂപത്തിലായിരിക്കണമെന്നും മാതാവ് കൗസല്യയുടെ മടിയിലായിരിക്കണമെന്നും ഗുരു സ്വാമി സ്വരൂപാനന്ദ് ജി മഹാരാജ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തിലേക്കായി നിലവില്‍ പണിതീര്‍ത്ത വിഗ്രഹം കുട്ടിയെപോലെയല്ലെന്നും ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി.

നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ വിഗ്രഹം സ്ഥാപിച്ചത് ധര്‍മത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി.ജെ.പിയെ വിമര്‍ശിക്കുകയും ചെയ്തു. വിവാദമായതും കേടുപാടുകള്‍ സംഭവിച്ചുവെന്ന് അവകാശപ്പെടുന്നതുമായ വിഗ്രഹം എവിടെയെന്നും എന്തിനാണ് രണ്ടാമതൊരു വിഗ്രഹത്തിന്റെ ആവശ്യമെന്നും ദിഗ്‌വിജയ് ചോദിച്ചു. എന്തുകൊണ്ടാണ് ആദ്യത്തെ വിഗ്രഹം പ്രതിഷ്ഠിക്കാത്തതെന്നും ദിഗ്‌വിജയ് ചോദ്യം ഉന്നയിക്കുകയായുണ്ടായി.

ശാസ്ത്രമനുസരിച്ച് പണിതീരാത്ത ക്ഷേത്രത്തിനുള്ളില്‍ പ്രാണപ്രതിഷ്ഠ നടത്താന്‍ പാടില്ലെന്നും ശാസ്ത്രത്തെ എതിര്‍ത്തുകൊണ്ട് ധര്‍മത്തെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും ദിഗ്‌വിജയ് പറഞ്ഞു. അതേസമയം നിര്‍മാണം പൂര്‍ത്തിയായാല്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന വിഷയത്തില്‍ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അയോധ്യയിലേക്ക് പോവാന്‍ ആരുടേയും ക്ഷണത്തിന്റെ ആവശ്യകതയില്ലെന്നും ദിഗ്‌വിജയ് വ്യക്തമാക്കി.

എന്നാല്‍ ദിഗ്‌വിജയിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും അനാവശ്യമായി സംസാരിക്കുന്നവരെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബി.ജെ.പി നേതാവായ ഉമാഭാരതി പറഞ്ഞു. കൂടാതെ ദിഗ്‌വിജയ് സിങ് രാമ വിരുദ്ധനാണെന്നും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ എല്ലാത്തിലും തെറ്റുകള്‍ കണ്ടെത്തുകയാണെന്നും ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരി മഹന്ത് രാജു ദാസ് ആരോപിച്ചു

ജനുവരി 22ന് ആണ് അയോധ്യ രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് നടക്കുക. കര്‍ണാടകയിലെ പ്രശസ്ത ശില്‍പിയായ അരുണ്‍ യോഗി രാജാണ് രാമ വിഗ്രഹം രൂപപ്പെടുത്തിയിരിക്കുന്നത്.

Content Highlight: Digvijay Singh asks why the temple is being hurriedly consecrated in an unfinished temple

We use cookies to give you the best possible experience. Learn more