'ബി.എസ്.പി എം.എല്‍.എ ബി.ജെ.പി നേതാവിന്റെ വിമാനത്തില്‍ ദല്‍ഹിയിലേക്ക്'; വീണ്ടും ആരോപണവുമായി ദിഗ്‌വിജയ് സിങ്
national news
'ബി.എസ്.പി എം.എല്‍.എ ബി.ജെ.പി നേതാവിന്റെ വിമാനത്തില്‍ ദല്‍ഹിയിലേക്ക്'; വീണ്ടും ആരോപണവുമായി ദിഗ്‌വിജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd March 2020, 10:31 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ചൊവ്വാഴ്ച വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഭൂപേന്ദ്ര സിങ് ചാര്‍ട്ടേഡ് വിമാനത്തില്‍ ബി.എസ്.പി എം.എല്‍.എയെയും കൊണ്ട് ദല്‍ഹിയ്ക്ക് പോയെന്നാണ് മുന്‍ മുഖ്യമന്ത്രിയുടെ ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.എസ്.പി എം.എല്‍.എമാരെയും സമാജ്‌വാദി എം.എല്‍.എമാരെയും വശത്താക്കി ദല്‍ഹിയിലെത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ദിഗ്‌വിജയ് സിങ് ട്വീറ്റിലൂടെ ആരോപിച്ചു. സംസ്ഥാനത്ത് ബി.എസ്.പിക്ക് രണ്ട് എം.എല്‍.എമാരാണുള്ളത്. ഈ രണ്ട് എം.എല്‍.എമാരും നിലവില്‍ കോണ്‍ഗ്രസിനെയാണ് പിന്തുണക്കുന്നത്.

‘മുന്‍ മന്ത്രി ഭൂപേന്ദ്ര സിങ് ബി.എസ്.പി എം.എല്‍.എ രാം ഭായിയെ കൊണ്ട് വിമാനത്തില്‍ ഇന്നലെ ദല്‍ഹിക്ക് പോയോ?. ശിവരാജ് സിങ് ചൗഹാന്‍ എന്തെങ്കിലും പറയൂ’ എന്നായിരുന്നു ദിഗ്‌വിജയ് സിങിന്റെ ട്വീറ്റ്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണത്തോട് മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ സൗജന്യമായി പണവുമായി സമീപിച്ചാല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. തന്റെ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ