ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിന്‍ റാവത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിങ്ങിന്റെ മറുപടി. താന്‍ ജനറല്‍ സാഹേബിന്റെ പ്രസ്താവനയോടു യോജിക്കുന്നു എന്നുപറഞ്ഞാണ് അദ്ദേഹം ട്വീറ്റ് തുടങ്ങുന്നത്.
‘അതേസമയം നേതാക്കളെന്നാല്‍ സാമുദായിക അക്രമത്തിന്റെ പേരില്‍ വംശഹത്യയില്‍ ഏര്‍പ്പെടാന്‍ അനുയായികളെ അനുവദിക്കുന്നവരുമല്ല. നിങ്ങള്‍ ഇത് അംഗീകരിക്കുന്നുവോ ജനറല്‍ സാഹേബ്?,’ സിങ് ചോദിച്ചു.
രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് പറഞ്ഞിരുന്നു.
‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള് കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 31-നു വിരമിക്കാനിരിക്കെയാണ് റാവത്തിന്റെ അഭിപ്രായപ്രകടനം. ആദ്യമായാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കരസേനാ മേധാവിയുടെ പ്രതികരണം വന്നിരിക്കുന്നത്. പ്രതിഷേധം നടക്കുന്ന പലയിടങ്ങളിലും സൈന്യത്തെയടക്കം കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.