| Tuesday, 30th July 2019, 6:00 pm

ഗുജറാത്ത് കലാപത്തില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട സ്ത്രീകളോടില്ലാത്ത സ്‌നേഹമാണല്ലോ ഇപ്പോള്‍; മുത്തലാഖ് ബില്ലില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് ദിഗ്‌വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖ് ബില്ലിനെ മുന്‍നിര്‍ത്തി ബി.ജെ.പി കാണിക്കുന്ന സ്ത്രീപക്ഷ നിലപാട് കപടമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2002 ലെ ഗുജറാത്ത് കലാപത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ക്കാണ് ജീവനും സ്വത്തും നഷ്ടപ്പെട്ടത്. ആള്‍ക്കൂട്ടകൊലപാതകങ്ങളില്‍ എത്ര മുസ്ലീം സത്രീകള്‍ക്കാണ് ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടത്. അന്നൊന്നും കാണിക്കാത്ത അനുഭാവം എന്തിനാണ് ഇപ്പോള്‍ നിങ്ങള്‍ മുത്തലാഖ് ബില്ലിന്റെ പേരില്‍ കാണിക്കുന്നത്.?’

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കുന്നതാണ് ബില്‍. മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്.

ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍പ്പെട്ട സ്ത്രീകളെ കാണുന്നില്ലായെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

നേരത്തെ രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല. രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് ആവശ്യമുള്ളത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more