'ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു കോടി'; ഇ.വി.എം അട്ടിമറിക്കാമെന്നവകാശപ്പെട്ട് തന്നെയൊരാള്‍ സമീപിച്ചെന്ന് ദിഗ് വിജയ് സിങിന്റെ വെളിപ്പെടുത്തല്‍
India
'ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു കോടി'; ഇ.വി.എം അട്ടിമറിക്കാമെന്നവകാശപ്പെട്ട് തന്നെയൊരാള്‍ സമീപിച്ചെന്ന് ദിഗ് വിജയ് സിങിന്റെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2017, 4:21 pm

 

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ രണ്ടു കോടി രൂപയാവശ്യപ്പെട്ട് തന്നെയൊരാള്‍ സമീപിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച് നല്‍കാനാണ് ഇയാള്‍ തന്നോട് പണം ആവശ്യപ്പെട്ടതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.


Also read ഇന്ത്യക്കാരോട് കളിച്ചാല്‍ ഇങ്ങിനിരിക്കും; സ്നാപ്പ്ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറാക്കി കൂപ്പുകുത്തിച്ചു; #UninstallSnapchat ട്രെന്‍ഡിങ് ആക്കി


ജോധ്പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുവേയാണ് ഇ.വി.എം വഴി അട്ടിമറിക്ക് കഴിയുമെന്നും രണ്ടു കോടി രൂപ തരികയാണെങ്കില്‍ ഫലം അനുകൂലമാക്കി തരാമെന്നും തന്നോട് ഒരാള്‍ പറഞ്ഞതായി ഗിഗ് വിജയ് സിങ് വെളിപ്പെടുത്തിയത്.

നേരത്തെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്കു ചെയ്യാന്‍ കഴിയുകയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ക്കെതിരെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു. ഫലം അട്ടിമറിക്കാന്‍ സാധ്യതയില്ലെന്ന വാദം തെറ്റാണെന്നായിരുന്നു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദിഗ് വിജയ് സിങ് പറഞ്ഞിരുന്നത്.

ഹാക്കിങ്ങിന് സാധ്യത കുറവാണെന്നും സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുമ്പോഴും മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോഴും കൃത്രിമത്തിനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പേരു വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ വരുത്തുന്ന ഇത്തരം തട്ടിപ്പുകള്‍ ഉണ്ടാകുമ്പോള്‍ അട്ടിമറിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും സമാനമായ ആരോപണവുമായ് രംഗത്തെത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നത്തിന് വോട്ടര്‍മാര്‍ വോട്ട് ചെയ്യുമ്പോള്‍ അത് ബി.ജെ.പിയുടെ അക്കൗണ്ടിലാണ് ലഭിക്കുന്നത് എന്നായിരുന്നു അഖിലേഷ് പറഞ്ഞത്.