| Thursday, 15th December 2016, 9:06 pm

ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും പൂര്‍ണമായി ക്യാഷ്‌ലെസാകാന്‍ സാധിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനമാണെന്നും അവ നോട്ട് കൈമാറ്റങ്ങള്‍ക്കു പകരമല്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.


ന്യൂദല്‍ഹി: ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും പൂര്‍ണ്ണമായും ക്യാഷ്‌ലെസാകാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രം ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് ജെയ്റ്റ്‌ലിയുടെ ഈ പ്രസ്താവന.

ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനമാണെന്നും അവ നോട്ട് കൈമാറ്റങ്ങള്‍ക്കു പകരമല്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കറന്‍സി ക്യാഷ് രഹിത സമ്പദ്‌വ്യവസ്ഥ എന്നത് കറന്‍സി കൈമാറ്റങ്ങള്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയാണെന്നും കേന്ദ്ര ധനവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി ഉപദേശക സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവേ അദ്ദേഹം പറഞ്ഞു.

കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയ്ക്ക് അതിന്റേതായ സാമൂഹിക സാമ്പത്തിക ചെലവുകളും പരിണിതികളും ഉള്ളതിനാലാണ് സര്‍ക്കാര്‍ ഡിജിറ്റല്‍വല്‍കരണം പ്രോത്സാഹിപ്പിക്കുന്നത്. ഡിജിറ്റല്‍ രീതിയിലേക്കു മാറുന്നതിനു ജനങ്ങള്‍ക്കു നിരവധി പാരിതോഷികങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും പ്രതികരണം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.


രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ അവസാന അധ്യായം എഴുതുകയാണെന്ന് ബി.ജെ.പി


ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കുന്നതിന് ഉന്നത തലത്തിലുള്ള സൈബര്‍ സുരക്ഷ ആവശ്യമാണെന്നതിനെ കുറിച്ച് സര്‍ക്കാര്‍ ബോധവാന്മാരാണ്. ആര്‍.ബി.ഐയുടെ മേല്‍നോട്ടത്തില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന സൈബര്‍ സുരക്ഷാ നടപടികള്‍ കാര്യക്ഷമമാണെന്ന ഉറപ്പും മന്ത്രി സമിതി അംഗങ്ങള്‍ക്ക് നല്‍കി.

നോട്ട് നിരോധനത്തെ തുടര്‍ന്ന്, കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 340 കോടിയുടെ സമ്മാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ലക്കി ഗ്രഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


നീതി ആയോഗാണ് സമ്മാനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) മുഖേനയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയ്ക്കായി മൊത്തം 340 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വെച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക.

We use cookies to give you the best possible experience. Learn more