| Monday, 7th August 2023, 6:37 pm

'മാധ്യമസ്വാതന്ത്ര്യം, വിവരാവകാശം'; ആശങ്കകള്‍ ബാക്കിയാക്കി ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ലോക്‌സഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍(ഡി.പി.ഡി.പി) ലോക്‌സഭയില്‍ പാസായി. കേന്ദ്ര ഐ.ടി. മന്ത്രി അശ്വനി വൈഷ്ണവാണ് ബില്‍ അവതരിപ്പിച്ചത്. പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍(പി.ഡി.പി) ബില്‍ പിന്‍വലിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ബില്‍ പാസാക്കുന്നത്.

സ്വകാര്യതാലംഘനം, അഭിപ്രായ സ്വാതന്ത്രയത്തിനെതിരായ നീക്കം, വിവരാവകാശത്തിന് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ബില്ലിനെതിരെ ഉയര്‍ത്തുന്നത്. എന്നാല്‍ വ്യക്തിനിയമങ്ങളുടെ സംരക്ഷണത്തിനായാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ബില്ലിലെ ചില വ്യവസ്ഥകള്‍ മാധ്യമസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍, മന്ത്രി അശ്വിനി വൈഷ്ണവ്, പാര്‍ലമെന്റിലെ രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ എന്നിവര്‍ക്ക് ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് കത്തെഴുതിയിട്ടുണ്ടെന്നും ഗില്‍ഡ് പറയുന്നു.

ഈ മാസം മൂന്നിനാണ് സര്‍ക്കാര്‍ ഡി.പി.ഡി.പി ബില്‍ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതിനിടയില്‍ അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍, ഫാര്‍മസി ഭേദഗതി ബില്‍, മീഡിയേഷന്‍ ബില്‍ എന്നിവ ലോക്‌സഭയില്‍ ചര്‍ച്ചക്കെടുത്തു.

അതേസമയം, ദല്‍ഹി ദേശീയതലസ്ഥാന ഭേദഗതി ബില്ല് രാജ്യസഭയില്‍ ഇന്ന് ചര്‍ച്ചക്കെടുത്തു. ബില്‍ ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയിരുന്നു. ജനന-മരണ രജിസ്ട്രേഷന്‍ ഭേദഗതി ബില്ലും നാളെ ഉപരിസഭ പരിഗണിക്കും.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഹാജരാകാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. സഭയില്‍ സര്‍ക്കാരിന്റെ നിലപാടിനെയും ബില്ലുകളെയും പിന്തുണക്കാന്‍ വിപ്പിലൂടെ എം.പിമാരോട് നിര്‍ദേശിച്ചു.

Content Highlight:  Digital Personal Data Protection Bill  passed in Lok Sabha despite opposition protests

We use cookies to give you the best possible experience. Learn more