| Tuesday, 9th February 2021, 10:32 pm

ന്യൂസ് ക്ലിക്കിലെ റെയ്ഡ്; സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമെന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വതന്ത്ര മീഡിയ പോര്‍ട്ടലായ ന്യൂസ് ക്ലിക്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടത്തിയ റെയ്ഡ് അപലപനമീയമെന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍. സര്‍ക്കാരിനെയും സഖ്യകക്ഷികളെയും വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനുള്ള വ്യക്തമായ ശ്രമമാണ് ന്യൂസ് ക്ലിക്കിനെതിരായ ഇ.ഡി റെയ്ഡുകള്‍ എന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘എതിര്‍ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്നതിനും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നതിനും ഭരണകൂടം ഏജന്‍സികളെ ഉപയോഗിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മാത്രമല്ല, ജനാധിപത്യമെന്ന ആശയത്തിനും ഹാനികരമാണ്’, ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയത്.

ന്യൂസ് ക്ലിക്കിലെ റെയ്ഡുകള്‍ പണമിടപാട് കേസുമായി ബന്ധപ്പെട്ടതാണെന്നും വിദേശത്തുള്ള ”സംശയാസ്പദമായ കമ്പനികളില്‍” നിന്ന് സംഘടനയ്ക്ക് ലഭിച്ച ധനസഹായം ഏജന്‍സി അന്വേഷിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ന്യൂസ് ക്ലിക്കിനെതിരെ പ്രതികാര നടപടിയാണ് നടക്കുന്നതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ദ്രോഹിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ന്യൂസ് ക്ലിക്കിലെ റെയ്ഡെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ന്യൂസ് ക്ലിക്കിനെതിരെയുള്ള നടപടി ഞെട്ടിക്കുന്നതാണെന്നും സ്വതന്ത്ര ബദല്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള സര്‍ക്കാറിന്റെ ശ്രമാണ് റെയ്ഡെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

ന്യൂസ് ക്ലിക്കിന്റെ കാര്യാലയത്തിലും അതിന്റെ ഡയറക്ടര്‍മാരും എഡിറ്ററുമായ പ്രബീര്‍ പുര്‍ക്കയസ്തയുടെ വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ ശക്തമായി അപലപിക്കുന്നു.

പത്രപ്രവര്‍ത്തനത്തില്‍ സമഗ്രതയുടെയും അധികാരികളോട് സത്യം വിളിച്ചുപറയുന്നതിന്റെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ന്യൂസ് ക്ലിക്ക് എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നു.

സര്‍ക്കാരിനെയും സഖ്യകക്ഷികളെയും വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനുള്ള വ്യക്തമായ ശ്രമമാണ് ന്യൂസ് ക്ലിക്കിനെതിരായ ഇ.ഡി റെയ്ഡുകള്‍ എന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ വിശ്വസിക്കുന്നു. എതിര്‍ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്നതിനും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നതിനും ഭരണകൂടം ഏജന്‍സികളെ ഉപയോഗിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മാത്രമല്ല, ജനാധിപത്യമെന്ന ആശയത്തിനും ഹാനികരമാണ്.

ന്യൂസ് ക്ലിക്കിനെതിരായ ഇ.ഡി നടപടി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിച്ച് വാര്‍ത്താ ഓര്‍ഗനൈസേഷനെ എന്തിനാണ് റെയ്ഡ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അവിഭാജ്യമായ ഒരു സ്വതന്ത്ര മാധ്യമത്തേയും മാധ്യമപ്രവര്‍ത്തകരേയും അവരുടെ പ്രൊഫഷണല്‍ ജോലികള്‍ ഭയമില്ലാതെ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ അതിജീവിക്കാന്‍ കഴിയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DIGIPUB News India Foundation condemns the raids conducted by the Enforcement Directorate at the office of News Click

We use cookies to give you the best possible experience. Learn more