ഭോപാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് കോണ്‍ഗ്രസില്‍നിന്നും എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതുപോലെ മധ്യപ്രദേശില്‍ ഇനി സംഭവിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങ്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ജൂണ്‍ 19ന് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൂറുമാറ്റം കാരണം കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടിട്ട് മാസങ്ങള്‍ കഴിയവെയാണ് ദിഗ് വിജയ സിങിന്റെ പ്രസ്താവന.
രാജ്യത്ത് കൂറുമാറ്റത്തിനെതിരെ നിയമം കൊണ്ടുവരണം. പണത്തിന് മേലുള്ള രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നത്. അത് കുതിരക്കച്ചവടമാണെന്നും അദ്ദേഹം ആരോപിച്ചു.
‘അവര്‍ ധാരാളം പണം സ്വരുക്കൂട്ടിവെച്ചിട്ടുണ്ട്. കുതിരക്കച്ചവടമാണ് അവരുടെ രാഷ്ട്രീയം. ഇതില്‍ എം.എല്‍.എമാര്‍ വീണുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്’, സിങ് പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് എം.എല്‍.എമാരാണ് ഗുജറാത്തില്‍ കൂറുമാറിയത്.
‘കമല്‍നാഥിനും എനിക്കും പ്രായമേറിവരികയാണെന്നും അടുത്ത 25 വര്‍ഷം മധ്യപ്രദേശ് ഭരിക്കേണ്ടത് താങ്കളാണെന്നും ഞാന്‍ ജ്യോതിരാദിത്യ സിന്ധ്യയോട് നിരന്തരം പറയുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. മോദി മന്ത്രിസഭയില്‍ മന്ത്രിയാവാനുള്ള അത്യാഗ്രഹമായിരുന്നു അദ്ദേഹത്തിന്’, സിങ് വ്യക്തമാക്കി.
സിന്ധ്യ തനിക്ക് മകനെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ മാധവറാവു സിന്ധ്യ കോണ്‍ഗ്രസില്‍ കൃത്യമായ ഇടം നേടിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ മാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് ചെയ്തിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.
‘പ്രവര്‍ത്തക സമിതി യോഗങ്ങളിലെല്ലാം പ്രിയങ്ക ഗാന്ധി സിന്ധ്യയെ ചേര്‍ത്തുപിടിച്ചിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത് അദ്ദേഹത്തെ കാണാന്‍ അനുമതികള്‍ ആവശ്യമില്ലാത്ത ഒരേയൊരു ആളാണ് സിന്ധ്യ എന്നാണ്. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നതാണോ അദ്ദേഹത്തിന് പാര്‍ട്ടി വിടാനുണ്ടായ കാരണം?’, ദിഗ് വിജയ സിങ് ചോദിച്ചു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1985ല്‍ കൂറുമാറ്റത്തിനെതിരെ കര്‍ക്കശമായ നിയമം കൊണ്ടുവന്നിരുന്നെന്നും ദിഗ് വിജയ സിങ് പറഞ്ഞു. കൂറുമാറുന്ന ജനപ്രതിനിധികളെ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍നിന്നും വിലക്കിയായിരുന്നു ആ നിയമം. അത് വീണ്ടും കൊണ്ടുവരണമെന്നും സിങ് ആവശ്യപ്പെട്ടു.
24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വഞ്ചകന്മാര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിങ് പറഞ്ഞു.
കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ കമല്‍നാഥ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ എന്നും സിങ് വെല്ലുവിളിച്ചു. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ