| Monday, 26th July 2021, 10:20 pm

പൊലീസ് നിയമപരമായി പരാതി തീര്‍പ്പാക്കിയില്ല; കുണ്ടറ പീഡന പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം സംശയിക്കുന്നതായി ഡി.ഐ.ജി. റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച കുണ്ടറ പീഡന പരാതി കൈകാര്യം ചെയ്തതില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയാതായി ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. ഒരു സ്ത്രീയുടെ പരാതി എന്ന നിലയില്‍ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീര്‍പ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തില്‍ കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നത് സംശയാസ്പദമാണെന്നും ഡി.ഐ.ജി. പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ കഴിഞ്ഞ മാസം 28നാണ് പരാതി നല്‍കിയത്. പരാതിക്കാരി കൃത്യമായ തെളിവോ, മൊഴിയോ നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വിവാദത്തില്‍ എന്‍.സി.പി. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. പരാതി നല്‍കിയ യുവതിയുടെ അച്ഛന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്.

സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എന്‍.സി.പി. അറിയിച്ചു. എന്‍.വൈ.സി. കൊല്ലം പ്രസിഡന്റ് ബിജുവിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ചേര്‍ന്ന ഭാരവാഹി യോഗത്തിനു പിന്നാലെയാണ് തീരുമാനം. എന്‍.സി.പിയുടെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

കഴിഞ്ഞ ആഴ്ചയാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The DIG’s report said that the station house officer fails in handling the Kundara harassment complaint

Latest Stories

We use cookies to give you the best possible experience. Learn more